കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണത്തിൽ ലോക്കൽ പോലീസിന് വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോർട്. മമ്മിയെ കാണാതായ ദിവസം സിസിടിവി പരിശോധിക്കുന്നതിൽ ഉൾപ്പടെ അന്വേഷണ സംഘം വീഴ്ച വരുത്തിയെന്നാണ് നാർക്കോട്ടിക് എസിപി ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
നടക്കാവ് പോലീസ് സ്റ്റേഷനിലെ മുൻ എസ്എച്ച്ഒ ജിജീഷ് ഉൾപ്പടെ നാല് പോലീസുകാർക്ക് എതിരെയാണ് റിപ്പോർട്ടിൽ പരാമർശമുള്ളത്. കേസ് അന്വേഷിച്ച നടക്കാവ് പോലീസിന് വീഴ്ച പറ്റിയെന്ന് ക്രൈം ബ്രാഞ്ച് എഡിജിപി നേരത്തെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലും പ്രാഥമിക തെളിവ് ശേഖരണത്തിലും വീഴ്ച ഉണ്ടെന്നായിരുന്നു ക്രൈം ബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഐജി രാജ്പാൽ മീണ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴിക്കോട് നാർക്കോട്ടിക് അസി. കമ്മീഷണർക്കായിരുന്നു ചുമതല. നടക്കാവ് മുൻ എസ്എച്ച്ഒ പികെ ജിജീഷ്, എസ്ഐ ബിനു മോഹൻ, സീനിയർ സിപിഒമാരായ ശ്രീകാന്ത്, കെകെ ബിജു എന്നിവർക്ക് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് അസി. കമ്മീഷണർ ഐജിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.
മാമിയെ കാണാതായ അരയിടത്തുപാലം സിഡി ടവറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുൾപ്പടെ ശേഖരിക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ചയുണ്ടായി. ഏറെ വൈകിയാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമം നടത്തിയത്. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കുന്നതിലും പിഴവുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് തുടർ അന്വേഷണത്തെ ബാധിച്ചതായും റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടിൽ അന്വേഷണ വിധേയരുടെ വിശദീകരണം പരിശോധിച്ച ശേഷമാകും തുടർ നടപടി. കേസ് തുടക്കത്തിൽ അന്വേഷിച്ച നടക്കാവ് പോലീസിനും അന്നത്തെ ടൗൺ എസിപിക്കും അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് മാമിയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, റിപ്പോർട്ടിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പരാമർശമില്ല.
2023 ഓഗസ്റ്റ് 21നാണ് റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയെ കാണാതായത്. മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി വിവരമുണ്ടായിരുന്നു. പിന്നീട് എവിടേക്ക് പോയെന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. നടക്കാവ് പോലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
Most Read| ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു







































