അട്ടപ്പാടിയിലെ ആനവായ് ഗവ. എൽപി സ്‌കൂളിലെ കുട്ടികൾ ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ അതിഥികളായി കൊച്ചിയിൽ വിനോദയാത്രയ്‌ക്ക് എത്തിയതിന്റെ ആഹ്ളാദത്തിലാണ് ഇവർ. സ്‌കൂളിൽ നിന്നുള്ള 19 വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന സംഘമാണ് കൊച്ചിയിലെത്തിയത്.
‘ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ… ബസിൽ കയറ്റമോ…’ എന്ന് കുട്ടികൾ ചോദിച്ചിരുന്നു. ഇതുകേട്ടാണ് കുട്ടികളെ കൊച്ചി കാണിക്കാനും മെട്രോയിൽ കയറ്റാനും വിമാനത്താവളത്തിൽ കൊണ്ടുപോകാനും മമ്മൂട്ടി നിർദ്ദേശിച്ചത്. മമ്മൂട്ടിയുടെ ജൻമദിനത്തോട് അനുബന്ധിച്ച് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നാണ് വിനോദയാത്ര സംഘടിപ്പിച്ചത്.
രാത്രി പാലക്കാട്ടുനിന്ന് എറണാകുളത്തെത്തിയ സംഘം കളമശേരി ജ്യോതിർഭവനിൽ താമസിച്ച്, അടുത്ത ദിവസം രാവിലെ ഏഴുമണിയോടെ കളമശേരി മെട്രോ സ്‌റ്റേഷനിലെത്തി. മെട്രോയിലെ എസ്‌കലേറ്ററും, മെട്രോ ട്രെയിനും കുട്ടികൾക്ക് അത്‌ഭുത കാഴ്‌ചകളായി മാറി.
രാജഗിരി ആശുപത്രിയിലെ റോബോട്ടിക് ജനറൽ സർജറി വിഭാഗം മേധാവി ഡോ. ആർ, രവികാന്ത് റോബോട്ടിനെക്കുറിച്ചും അതിന്റെ പ്രവർത്തന രീതികളും വിശദീകരിച്ചു. തുടർന്ന് മെട്രോ ഫീഡർ ബസിൽ നെടുമ്പാശേരിയിലെത്തി വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും കണ്ടാസ്വദിച്ചു. വിമാനത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്ന മേഖലയിൽ പ്രവേശിച്ച് പ്രവർത്തന രീതികളും മനസിലാക്കി.
കേക്ക് മുറിച്ചു മമ്മൂട്ടിയുടെ ജൻമദിനവും ആഘോഷിച്ചു. രാജഗിരി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്‌ടർ ഫാ. തോമസ് കുര്യൻ, ഡയറക്‌ടർ റോബർട്ട് കുര്യാക്കോസ്, എസ്. ജോർജ് എന്നിവർ ആഘോഷത്തിൽ പങ്കുചേർന്നു. ഒരിക്കലും യാഥാർഥ്യമാകില്ലെന്ന് കരുതിയ സ്വപ്‌നങ്ങൾ അനുഭവിച്ചറിഞ്ഞതിന്റെ സന്തോഷത്തിലും ആഹ്ളാദത്തിലുമാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം