കാസർഗോഡ് : ജില്ലയിൽ 10 ലക്ഷത്തോളം രൂപയുടെ ലഹരിമരുന്നുമായി കൊലക്കേസ് പ്രതി അറസ്റ്റിലായി. ബോവിക്കാനം പൊവ്വൽ സ്വദേശി നൗഷാദ്(40) ആണ് അറസ്റ്റിലായത്. ഇന്നലെ കാസർഗോഡ് നഗരത്തിൽ വച്ചാണ് ആന്റി നാർക്കോട്ടിക് വിങിലെ പ്രത്യേക പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. മാരക സിന്തറ്റിക് ലഹരിമരുന്നായ 154 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎയാണ് പിടികൂടിയത്.
2016ലാണ് ഇയാൾ മണ്ഡേകാപ്പിലെ വ്യാപാരി രാമകൃഷ്ണയെ കൊലപ്പെടുത്തിയത്. തുടർന്ന് ഗോവയിൽ എത്തിയ ഇയാൾ മൊബൈൽ ഫോൺ കട കവർച്ച, അടിപിടി ഉൾപ്പെടെ 4 കേസുകളിലും പ്രതിയാണെന്നു പോലീസ് പറഞ്ഞു. കൂടാതെ കഴിഞ്ഞ ഒരു വർഷത്തോളമായി ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും പോലീസ് വ്യക്തമാക്കി.
ഡിവൈഎസ്പിമാരായ പിപി സദാനന്ദൻ, ടിപി പ്രേമരാജൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐമാരായ സികെ ബാലകൃഷ്ണൻ, കെ ബാലകൃഷ്ണൻനായർ, കെ രജ്ഞിത്ത് കുമാർ, എഎസ്ഐ അബൂബക്കർ കല്ലായി, സിവിൽ പോലീസ് ഓഫീസർമാരായ ശിവകുമാർ പള്ളിയത്ത്, ഓസ്റ്റിൻ തമ്പി, രാജേഷ് മാണിയാട്ട്, സജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read also : കണ്ണൂർ കലക്ട്രേറ്റിൽ ഗൺമാന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി






































