കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനത്ത് രാജീവ് ഗാന്ധി കോളനിയിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ പോലീസ് പിടിയിൽ. ഇതേ കൊളനിയിലെ താമസക്കാരനായ നവാസ് ആണ് പിടിയിലായത്. ഇയാളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി കോളനി നിവാസികൾ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
രാജീവ് ഗാന്ധി കോളനിയിലെ ഷറഫ്നിസ എന്ന യുവതിയുടെ കടയിൽ വടിവാളുമായി എത്തിയ നവാസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വടിവാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഷറഫ്നിസയുടെ അംഗപരിമിതയായ മാതാവിനെയും കുട്ടികളേയും ഭീഷണിപ്പെടുത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെതിരെയും അക്രമി വടിവാൾ വീശുകയും കല്ലെറിയുകയും ചെയ്തു. എന്നിട്ടും ഇയാളെ പോലീസ് പിടികൂടാത്തതിൽ കോളനി നിവാസികൾ പ്രതിഷേധിച്ചിരുന്നു.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷന് മുന്നിൽ ഷറഫ്നിസയും കോളനിക്കാരും നിരഹാരമിരുന്നതിനെ തുടർന്നാണ് അക്രമിയെ പിടികൂടാൻ പോലീസ് തയ്യാറായത്. പോലീസ് സ്റ്റേഷനിൽ വച്ച് ഷറഫ്നിസക്കും കുടുംബത്തിനുമെതിരെ പ്രതി ഭീഷണി മുഴക്കി.
ദിവസങ്ങൾക്ക് മുൻപ് നവാസിന്റെ വീട്ടിൽ നിന്ന് വടിവാളും മറ്റ് ആയുധങ്ങളും പോലീസ് പരിശോധന നടത്തി കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ വിവരം നൽകിയത് ഷറഫ്നിസയും കൂട്ടരുമാണെന്ന് ആരോപിച്ചായിരുന്നു അക്രമം.
Most Read: കെപിസിസി പുനഃസംഘടന; വിഡി സതീശനും, കെ സുധാകരനും നാളെ ചർച്ച നടത്തും







































