കൽപ്പറ്റ: സംസ്‌ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരുമരണം കൂടി. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത്. നൂൽപ്പുഴ കാപ്പാട് ഉന്നതിയിൽ മനു (45) ആണ് മരിച്ചത്. തിരച്ചിലിനിടെ ഇന്ന് രാവിലെയാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടാണ് മനുവിനെ കാട്ടാന ആക്രമിച്ചത്. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രണം ഉണ്ടായത്. വയനാട് അതിർത്തിയിലുള്ള പഞ്ചായത്തിലാണ് നൂൽപ്പുഴ. വനാതിർത്തി മേഖലയിലാണ് സംഭവം നടന്നത്. പാടത്ത് മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. ഇവിടെ ഏറെക്കാലമായി കാട്ടാനശല്യമുണ്ട്.
ഇടുക്കി പെരുവന്താനം കൊമ്പൻ പാറയിൽ കാട്ടാന ആക്രമണത്തിൽ സോഫിയ എന്ന സ്‌ത്രീ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് വയനാട്ടിലും മരണം റിപ്പോർട് ചെയ്‌തത്. നെല്ലിവിള പുത്തൻ വീട്ടിൽ ഇസ്‌മയിലിന്റെ ഭാര്യ സോഫിയ (45) ആണ് ഇന്നലെ വൈകിട്ട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സോഫിയയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നൽകും. ഇന്ന് തന്നെ തുക കുടുംബത്തിന് കൈമാറുമെന്നും ജില്ലാ കളക്‌ടർ വി വിഘ്‌നേശ്വരി ഉറപ്പ് നൽകി.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്