തളിപ്പറമ്പ്: കണ്ണൂർ ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിമല സ്വദേശി വടക്കുംകരയിൽ മനോജ് (45) ആണ് മരിച്ചത്. സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുള്ള തോട്ടത്തിൽ വന്യമൃഗങ്ങളെ തുരത്താൻ തോക്കുമായി പോയതായിരുന്നു കർഷകനായ മനോജ്. ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് മനോജിനെ നെഞ്ചിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കണ്ണൂർ ആംസ്റ്റർ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്ന് നാടൻ തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത തോക്ക് കൈവശം വെച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.







































