മൂവാറ്റുപുഴ: വീട്ടിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരപരിക്ക്. മൂവാറ്റുപുഴ കടാതിയിൽ ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം. കടാതി മംഗലത്ത് വീട്ടിൽ ബന്ധുക്കളായ നവീനാണ് വെടിയേറ്റത്. നവീനും ബന്ധുവായ കിഷോറും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കിഷോർ കൈയിലുണ്ടായിരുന്ന തോക്കെടുത്ത് നവീന് നേരെ വെടിയുതിർക്കുകയായിരുന്നു.
വയറിന് വെടിയേറ്റ നവീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. നവീനെ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാക്കും. കിഷോർ കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. നവീനും കിഷോറും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ലൈസൻസുള്ള തോക്കാണ് കിഷോറിന്റെ കൈവശം ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഇരുവർക്കും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം പുറത്തറിയിക്കുകയും നവീനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Most Read| ഡയമണ്ട് ലീഗ് അത്ലറ്റിക്സ്; ലുസെയ്നിൽ ബെസ്റ്റ് ‘ത്രോ’യുമായി നീരജ്, രണ്ടാം സ്ഥാനം







































