വയനാട്: മാനന്തവാടി കണ്ണോത്ത് മലക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു മരിച്ചവരുടെ സംസ്കാരം ഇന്ന്. അപകടത്തിൽ ഒമ്പത് പേരാണ് മരിച്ചത്. ആറ് പേരുടെ സംസ്കാരം വീട്ടുവളപ്പിലും മൂന്ന് പേരുടെ സംസ്കാരം പൊതു ശ്മശാനത്തിലും നടക്കും. എല്ലാവരുടെയും മൃതദേഹങ്ങൾ ഇന്ന് 12 മണിക്ക് മക്കിമല എൽപി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കണ്ണോത്ത് മലക്ക് സമീപം വളവും ഇറക്കവുമുള്ള റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടു 25 അടി താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് അരുവിയിലെ കല്ലുകളിലേക്ക് മറിഞ്ഞതാണ് അപകടം ഗുരുതരമാക്കിയത്. തോട്ടം തൊഴിലാളികളായ സ്ത്രീകൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. 14 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ആറാം നമ്പർ ഭാഗത്തെ തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല, റാബിയ, ഷീജ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. ജീപ്പിലുണ്ടായിരുന്ന മറ്റു അഞ്ചുപേരും പരിക്കേറ്റ് ചികിൽസയിലാണ്. ഇതിൽ ഡ്രൈവർ മണികണ്ഠൻ ഉൾപ്പടെ രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ.
Most Read| സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടനില്ല; പുറത്തു നിന്ന് വൈദ്യുതി വാങ്ങും







































