വയനാട്: തിരുനെല്ലിയിൽ നിന്ന് കാണാതായ ഒമ്പതുവയസുകാരിയെ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തി കുട്ടിയുമായി കടന്നുകളഞ്ഞ ദിലീഷിനെയും കണ്ടെത്തി. കൊലപാതകമുണ്ടായ സ്‌ഥലത്തിന് സമീപത്തെ വനമേഖലയിൽ നിന്നാണ് കുട്ടിയുമൊത്ത് ഇയാളെ കണ്ടെത്തിയത്. ഇരുവർക്കുമായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
എടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് (34) ഞായറാഴ്‌ച വാടകയ്‌ക്ക് താമസിച്ചിരുന്ന വാകേരി അപ്പപ്പാറയിലെ വീട്ടിൽ വെട്ടേറ്റ് മരിച്ചത്. ഇവർക്കൊപ്പം താമസിച്ചുവന്ന പിലാക്കാവ് ദിലീഷ് എന്ന യുവാവാവ് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. ഭർത്താവുമായി അകന്നു കഴിയുന്ന പ്രവീണ ദിലീഷിനൊപ്പം താമസിച്ചുവരികയായിരുന്നു.
പ്രവീണയുടെ 14 വയസുള്ള മൂത്ത മകളും കഴുത്തിനും ചെവിക്കും പരിക്കേറ്റ നിലവിൽ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. കുട്ടിയുടെ മൊഴി ആശുപത്രിയിലെത്തി പോലീസ് രേഖപ്പെടുത്തി. ഈ കുട്ടിയെ വിദഗ്‌ധ ചികിൽസയ്‌ക്കായി ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഞായറാഴ്‌ച വൈകീട്ട് വീട്ടിലെത്തിയ ദിലീഷ് ഏഴുമണിയോടെ ആയുധം ഉപയോഗിച്ച് പ്രവീണയെ അക്രമിച്ചതായാണ് വിവരം. തടയാൻ ശ്രമിച്ച മൂത്തമകളെയും ആക്രമിച്ചു. വീട്ടിൽ നിന്നിറങ്ങി ഓടിയ മൂത്ത മകൾ പരിസരവാസികളെ അറിയിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഇളയ കുട്ടിക്കായി നാട്ടുകാർ പരിസരത്ത് രാത്രി തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
വന്യജീവി ശല്യമുള്ള എസ്‌റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്‌ഥലത്തുള്ള വീട്ടിൽ നിന്നാണ് കുട്ടിയെ കാണാതായത് എന്നത് ഏറെ ആശങ്ക ഉയർത്തിയിരുന്നു. വന്യമൃഗങ്ങൾ ഏറെയുള്ള പ്രദേശത്ത് പ്രതികൂല കാലാവസ്‌ഥയും തിരച്ചിലിന് വെല്ലുവിളിയുയർത്തിയിരുന്നു. ഫയർഫോഴ്‌സും പോലീസും വനംവകുപ്പും സംയുക്‌തമായാണ് തിരച്ചിലിൽ ഏർപ്പെട്ടത്. കുട്ടിയെ തിരുനെല്ലി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്ക് മാറ്റും.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ