ന്യൂഡെൽഹി: മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുതര ആരോപണവുമായി എൻപിപി. തങ്ങളുടെ സ്‌ഥാനാർഥികൾ ഭീഷണി നേരിടുകയാണെന്നും അധിക സുരക്ഷ ആവശ്യമാണെന്നും നാഷണൽ പീപ്പിൾസ് പാർട്ടി പ്രസ്‌താവിച്ചു. തീവ്രവാദ-അധോലോക ഗ്രൂപ്പുകൾ ബിജെപിയെ പിന്തുണയ്‌ക്കാൻ ഭീഷണിപ്പെടുത്തുകയാണെന്ന് എൻപിപി ആരോപിക്കുന്നു.
കെഎൻഎഫ്-എംസി, കെഎൻഎഫ്-സെഡ്, യുകെഎൽഎഫ്, കെഎൻഎ, എച്ച്പിസി (ഡി) എന്നീ സംഘടനകൾ ബിജെപി, എൻപിഎഫ് സ്‌ഥാനാർഥികൾക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. തീവ്രവാദ സംഘടനകളായ എച്ച്പിസിയുടെ കേഡർമാർ ബിജെപിക്ക് വേണ്ടി വോട്ടർമാരെയും ഗ്രാമമുഖ്യൻമാരെയും ആയുധങ്ങൾ കാണിച്ച് ഭയപ്പെടുത്തുന്നു.
സസ്‌പെൻഷൻ ഓഫ് ഓപ്പറേഷന്റെ കീഴിലുള്ള കെഎൻഎ, യുകെഎൽഎഫ് തുടങ്ങിയ അധോലോക ഗ്രൂപ്പുകൾ എൻപിപി പ്രവർത്തകരെയും ഗ്രാമത്തലവനെയും ബിജെപി സ്‌ഥാനാർഥി ലെറ്റ്‌പാവോ ഹാക്കിപ്പിനെ പിന്തുണയ്‌ക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപണമുണ്ട്.
ലാംഡെൻ കുക്കി ഗ്രാമത്തിൽ ആറ് വനിതാ എൻപിപി പ്രവർത്തകരെയും രണ്ട് ഡ്രൈവർമാരെയും മറ്റ് സംഘടനാ അംഗങ്ങൾ തടഞ്ഞുനിർത്തുകയും എൻപിപി സ്‌ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തിയാൽ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി എൻപിപി പ്രസ്‌താവനയിൽ പറഞ്ഞു. പുതിയ ആരോപണത്തോടെ സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് പോർമുഖം കൂടുതൽ തുറന്നിടുകയാണ് എൻപിപി.
Read Also: ബാലചന്ദ്ര കുമാറിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തി








































