ഇംഫാൽ: മണിപ്പൂരിൽ സൈന്യവും കുക്കി വിഘടനവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മണിപ്പൂരിലെ സൈനിക ക്യാംപ് ആക്രമിച്ച 11 കുക്കികളെ സുരക്ഷാ സേന വധിച്ചു. മണിപ്പൂരിലെ ജിരിബാമിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് കുക്കി വിഘടനവാദികൾ സിആർപിഎഫ് ക്യാംപ് ആക്രമിച്ചത്. ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റു.
ആയുധങ്ങളുമായെത്തിയ കുക്കികൾ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇവർ നേരത്തെ ബോറോബെക്ര പോലീസ് സ്‌റ്റേഷൻ ആക്രമിക്കുകയും ജകുരധോറിലെ മെയ്‌തെയ് വിഭാഗത്തിൽപ്പെട്ടവരുടെ നാല് വീടുകൾക്ക് തീയിടുകയും ചെയ്‌തിരുന്നു. കൊല്ലപ്പെട്ട കുക്കികളുടെ കൈയിൽ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പരിക്കേറ്റ സിആർപിഎഫ് ജവാൻ ചികിൽസയിലാണ്. ഹെലികോപ്‌ടർ മാർഗമാണ് ജവാനെ ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാവിലെ ഇംഫാൽ ഈസ്‌റ്റ് ജില്ലയിൽ നടന്ന വെടിവെപ്പിൽ കർഷകന് പരിക്കേറ്റിരുന്നു. ആയുധങ്ങളുമായി എത്തിയ ഒരു വിഭാഗം ആളുകളാണ് കുന്നിൻ മുകളിൽ നിന്ന് കർഷകന് നേരെ വെടിയുതിർത്തത്.
ഇംഫാൽ താഴ്‌വരയിലെ വയലുകളിൽ ജോലി ചെയ്യുന്ന കർഷകർക്ക് നേരെ മലനിരകൾ കേന്ദ്രീകരിച്ച് ആക്രമണം തുടരുകയാണ്. ഇത് മൂന്നാം ദിവസമാണ് ഇത്തരത്തിൽ മലമുകളിൽ നിന്ന് വെടിവെപ്പ് ഉണ്ടാകുന്നത്. ശനിയാഴ്‌ച ചുരാചന്ദ്പുർ ജില്ലയിലെ കുന്നിൻ മുകളിൽ നിന്ന് സായുധസംഘം നടത്തിയ വെടിവെപ്പിൽ ബിഷ്‌ണുപൂർ സൈറ്റണിലെ നെൽവയലിൽ ജോലി ചെയ്യുകയായിരുന്ന കർഷക കൊല്ലപ്പെട്ടിരുന്നു.
ഇംഫാൽ ഈസ്‌റ്റ് ജില്ലയിലെ സനസാബി, സാബുങ്കോക്ക് ഖുനൂ, താമ്‌നപോക്‌പി പ്രദേശങ്ങളിലും സമാനമായ ആക്രമണങ്ങൾ ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
Most Read| യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ഓഫ് സ്‌റ്റാഫ്; സൂസി വൈൽസിനെ നിയമിച്ച് ട്രംപ്








































