മലപ്പുറം: മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പോലീസ് കസ്റ്റഡിയിലായത്. പ്രതി അബ്ദുൽ മജീദിനെ പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുന്നു.
അതേസമയം കൗൺസിലർ അബ്ദുൾ ജലീലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭ പരിധിയിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. പ്രതികൾ ബൈക്കിൽ പിന്തുടർന്ന് ജലീൽ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ പയ്യനാട് വച്ചായിരുന്നു ആക്രമണം.
ഗുരുതരമായി പരുക്കേറ്റ ജലീൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ബുധനാഴ്ച മരണപ്പെടുകയായിരുന്നു. വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Read Also: റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിൽ എത്തും








































