കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി മുൻ സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കെ. സുരേന്ദ്രനെ കുറ്റവിമുക്‌തൻ ആക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹരജിയിലാണ് നോട്ടീസ്. ഹരജി ഈമാസം 30ന് വീണ്ടും പരിഗണിക്കും.
മഞ്ചേശ്വരത്ത് സ്‌ഥാനാർഥിയെ പിൻവലിക്കാൻ കോഴ നൽകിയെന്നാണ് കേസ്. കെ. സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ സെഷൻസ് കോടതി വിധിയിൽ പിഴവുണ്ടെന്നും നിയമ വിരുദ്ധമാണ് എന്നുമാണ് അപ്പീലിൽ സർക്കാരിന്റെ വാദം.
പോലീസ് നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്. പ്രതി നൽകിയ സാക്ഷിമൊഴി മാത്രം പരിഗണിച്ചാണ് കോടതിയുടെ നടപടി. തെളിവായി സ്വീകരിക്കാൻ കഴിയാത്ത രേഖകൾ പരിഗണിച്ചാണ് സെഷൻസ് കോടതിയുടെ നടപടി. എസ്‌സി/ എസ്‌ടി നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ കെ. സുരേന്ദ്രൻ ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ നിലനിൽക്കുമെന്നെല്ലാമാണ് സർക്കാരിന്റെ വാദം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തി നാമനിർദ്ദേശ പത്രിക പിൻവലിപ്പിച്ചതായാണ് കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിരുന്നത്.
കെ സുന്ദരയയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ ശേഷം രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈല്‍ ഫോണും കോഴ നൽകി നാമനിർദ്ദേശ പത്രിക പിൻവലിപ്പിച്ചു എന്നായിരുന്നു കേസ്.
സുരേന്ദ്രന് പുറമെ യുവമോർച്ച മുൻ സംസ്‌ഥാന ട്രഷറർ സുനിൽസുരേഷ് നായിക്, ബിജെപി സംസ്‌ഥാന സമിതി അംഗം വി മണികണ്‌ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികളായി കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് ഇവരെ കുറ്റവിമുക്‌തനാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.
Most Read| സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ഗൗരി; ചുമതലയേറ്റു