തൃശൂർ: ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ കൊടകര കള്ളപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി നൽകി. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം.
പണം കൊണ്ടുവന്ന ധർമരാജനുമായി കെ സുരേന്ദ്രന് ബന്ധമുണ്ടായിരുന്നു എന്നാണ് തിരൂർ സതീഷിന്റെ മൊഴി. കൊടകര കള്ളപ്പണക്കേസിൽ ആരോപണം നേരിടുന്ന സുരേന്ദ്രനെ പ്രതിചേർക്കാതെ മൊഴിയെടുക്കുക മാത്രമായിരുന്നു ഇതുവരെ ചെയ്‌തത്. എന്നാൽ, തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിൽ സുരേന്ദ്രന് കേസുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.
ഇതിന്റെ പശ്‌ചാത്തലത്തിലാണ് തുടരന്വേഷണത്തിന് അനുമതി തേടി പോലീസ് കോടതിയെ സമീപിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ബിജെപിക്ക് വേണ്ടി എത്തിച്ച കുഴൽപ്പണം തന്നെയാണെന്നായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ. പിന്നാലെ ശോഭാ സുരേന്ദ്രനാണ് ആരോപണത്തിന് പിന്നിലെന്ന് പാർട്ടിയിൽ ആക്ഷേപം ഉയരുകയും ചെയ്‌തിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് 2021 ഏപ്രിൽ 31നാണ് ദേശീയപാതയിൽ കൊടകരയ്‌ക്കടുത്ത് ഒരു സംഘം കാറിൽ നിന്ന് പണം അപഹരിച്ചത്. തുടക്കത്തിൽ 25 ലക്ഷം എന്നായിരുന്നു പരാതിയെങ്കിലും പിന്നീട് 3.5 കോടി രൂപ നഷ്‌ടപ്പെട്ടു എന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനായി കൊണ്ടുവന്ന കള്ളപ്പണമാണ് ഇതെന്ന ആക്ഷേപം ഉയരുകയും രാഷ്‌ട്രീയ വിവാദമായി മാറുകയും ചെയ്‌തിരുന്നു.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം