ന്യൂഡെൽഹി: ഈമാസം എട്ടിന് ഡെൽഹിയിൽ വെച്ചുനടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. ദേശീയതലത്തിൽ ഇന്ത്യ സഖ്യം ഒന്നിച്ച് പോരാടണമെന്നും ബിജെപിയെ പരാജയപ്പെടുത്താൻ നമുക്ക് സാധിക്കുമെന്നും രാഹുൽ ഗാന്ധി സഖ്യകക്ഷികളോട് പറഞ്ഞു.
സഖ്യത്തിലെ ഓരോ പാർട്ടിക്കും അവരവരുടേതായ നിലപാടുണ്ട്. പിണറായി വിജയനെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ലെന്നും അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടം തുടരുകയാണെന്നും രാഹുൽ പറഞ്ഞു. പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസിലാക്കി വേണം ഇന്ത്യ സഖ്യം ഒന്നിച്ചു മുന്നോട്ടു പോകാനെന്നും അദ്ദേഹം വിശദീകരിച്ചു.
നിലവിലെ കേന്ദ്ര സർക്കാർ ദീർഘകാലം നിലനിൽക്കില്ല. പ്രതിപക്ഷത്തെ തകർക്കാനും ദുർബലപ്പെടുത്താനും സർക്കാർ കഴിയുന്നതെല്ലാം ചെയ്യും. അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാൻ ഇന്ത്യ സഖ്യത്തിന് സാധിക്കും. സഖ്യത്തിലെ മറ്റു പാർട്ടികൾ കോൺഗ്രസിനെതിരെ ഉന്നയിക്കുന്ന എല്ലാ വിമർശനങ്ങളെയും പൂർണ സന്തോഷത്തോടെയും പുഞ്ചിരിയോടെയും സ്വീകരിക്കാൻ തയ്യാറാണ്. സഖ്യത്തെ ഒന്നിപ്പിച്ച് നിർത്തുക എന്നതാണ് കോൺഗ്രസിന്റെ പ്രധാന ചുമതലയെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും ഉള്ള പാർട്ടിയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളിലേക്ക് വരുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ ഊന്നിനിന്നുകൊണ്ട് സംസാരിക്കേണ്ടി വരും. അതിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല. മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ല. അതിന് താൻ തയ്യാറല്ല. അദ്ദേഹവുമായി തനിക്ക് വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ട്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ചു മുന്നോട്ടു പോകാനെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Most Read| നീറ്റ് പരീക്ഷ; 15 മിനിറ്റ് അധിക സമയം, ബുക്ക്ലെറ്റിലും മാറ്റം




































