ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങൾ അല്ലെന്നും പരാജയത്തിന്റെ തെളിവുകൾ ആണെന്നും രാഹുൽ വിമർശിച്ചു. എക്സിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
യുഎസും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായുള്ള ആഘാതം കുറയ്ക്കുന്നതിനായി വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറണമെന്നും സ്വർണം വാങ്ങുന്നതും വിദേശ യാത്രകൾ നടത്തുന്നതും ഒഴിവാക്കണമെന്നും ഇന്ത്യയിലെ പൊതുജനങ്ങളോട് പ്രധാനമന്ത്രി ഇന്നലെ അഭ്യർഥിച്ചിരുന്നു.
”സ്വർണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോൾ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. 12 വർഷത്തിനുള്ളിൽ അദ്ദേഹം രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഇത്തരമൊരു അവസ്ഥയിലാണ്.
എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം, എവിടെ പോകരുത് എന്ന് ജനങ്ങളോട് പറയേണ്ടി വരുന്നു. ഓരോ തവണയും ഉത്തരവാദിത്തങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാൻ ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നു”- രാഹുൽ ഗാന്ധി സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.
കോൺഗ്രസ് നേതാവ് കെസി. വേണുഗോപാലും പ്രധാനമന്ത്രിയെ വിമർശിച്ചു. യുദ്ധം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദിക്ക് ഒരു ധാരണയുമില്ലെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ






































