ചെന്നൈ: തമിഴ്‌നാട്ടിൽ ബിഎസ്‌പി സംസ്‌ഥാന പ്രസിഡണ്ട് കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ടുപേർ അറസ്‌റ്റിൽ. അരക്കോട്ട് സുരേഷ് എന്ന ഗുണ്ടയെ കൊന്നതിന്റെ പക വീട്ടാനാണ് ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. അറസ്‌റ്റിലായവരിൽ സുരേഷിന്റെ സഹോദരനും ഉണ്ട്. ഇവർ പോലീസിൽ കീഴടങ്ങുകയായിരുന്നു.
ഫുഡ് ഡെലിവറി ബോയ്‌സിന്റെ വേഷത്തിലാണ് ആംസ്‌ട്രോങ്ങിനെ ഇവർ പിന്തുടർന്നിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ സംഘം ഇദ്ദേഹത്തിന് പിന്നിലുണ്ടായിരുന്നു. സ്‌ഥിരമായി തോക്ക് കൊണ്ടുനടക്കുന്ന ആളായിരുന്നു ആസ്‌ട്രോങ്. എന്നാൽ, കഴിഞ്ഞ ദിവസം തോക്കെടുത്തിരുന്നില്ല. ഇത് മനസിലാക്കിയാണ് സംഘം ഇയാളെ ആക്രമിച്ചത്.
ചെന്നൈ പെരമ്പൂരിന് സമീപം വെള്ളിയാഴ്‌ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ആംസ്‌ട്രോങ്ങിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. വടിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ തൗസണ്ട് ലൈറ്റ്‌സിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ആസ്‌ട്രോങ്ങിന്റെ പോസ്‌റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പത്തംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബിഎസ്‌പി നേതാവ് മായാവതി ഇന്ന് ചെന്നൈയിലെത്തും. അതിനിടെ, പോലീസിന് മുന്നിൽ കീഴടങ്ങിയവർ യഥാർഥ പ്രതികളല്ലെന്നും യഥാർഥ പ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവും ശക്‌തമാണ്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി