ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. കള്ളക്കുറിച്ചി മെഡിക്കൽ കോളേജ്, പോണ്ടിച്ചേരി ജിപ്മെർ, സേലം എന്നീ ആശുപത്രികളിലായി നാൽപ്പതോളം പേർ ചികിൽസയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. കരുണാകുളത്ത് നിന്നാണ് ഇവർ വ്യാജമദ്യം കഴിച്ചതെന്നാണ് സൂചന.
തമിഴ്‌നാട് ആരോഗ്യമന്ത്രി മാ. സുബ്രഹ്‌മണ്യൻ സംഭവ സ്‌ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യാജമദ്യം വിറ്റെന്ന് കരുതുന്ന ഗോവിന്ദരാജ് എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളിൽ നിന്ന് 200 ലിറ്റർ മദ്യവും കണ്ടെടുത്തിട്ടുണ്ട്. മദ്യത്തിൽ മെഥനോളിന്റെ അംശം സ്‌ഥിരീകരിച്ചതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു.
അതിനിടെ, ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കളക്‌ടർ ശ്രാവൺ കുമാർ ശെഖാവത്തിനെ സ്‌ഥലം മാറ്റാനും പോലീസ് സൂപ്രണ്ട് സമയ് സിങ് മീണയെ സസ്‌പെൻഡ് ചെയ്യാനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഉത്തരവിട്ടു. മദ്യദുരന്തത്തിൽ സിബിസിഐഡി അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
പോലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്‌ഥരെയും താൽക്കാലികമായി സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. എംഎസ് പ്രശാന്തിനെ കള്ളക്കുറിച്ചിയിലെ ജില്ലാ കളക്‌ടറായും രജത് ചതുർവേദിയെ ജില്ലാ പോലീസ് സൂപ്രണ്ടായും നിയമിച്ചു.
Most Read| ഇനി ‘കോളനി’യില്ല; ചരിത്ര ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്‌ണൻ പടിയിറങ്ങി