തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനത്തിന് നാളെ തുടക്കം. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ചു വെള്ളിയാഴ്‌ച സഭ പിരിയും. പിന്നീട് ഏഴ് മുതൽ 11 വരെയും 16 മുതൽ 18 വരെയും സഭ ചേരും. 12 മുതൽ 15 വരെ സഭ ഇല്ല.
അതിനിടെ, നിയമസഭയിൽ പിവി അൻവർ എംഎൽഎയുടെ സ്‌ഥാനം പ്രതിപക്ഷ നിരയിലേക്ക് മാറ്റി. സിപിഐഎം പാർലമെന്ററി പാർട്ടി സെക്രട്ടറി ടിപി രാമകൃഷ്‌ണന്റെ കത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. പ്രതിപക്ഷ നിരയിൽ ഏറ്റവും പിന്നിൽ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിന്റെ സമീപമാണ് അൻവറിന്റെ ഇരിപ്പിടം.
ചോദ്യങ്ങൾക്ക് നക്ഷത്ര ചിഹ്‌നം ഒഴിവാക്കിയത് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ പരാതി കിട്ടിയതായി സ്‌പീക്കർ എഎൻ ഷംസീർ അറിയിച്ചു. എല്ലാ ചോദ്യങ്ങളും സഭയിൽ വരില്ലെന്നും മനപ്പൂർവം ചോദ്യങ്ങൾ ഒഴിവാക്കിയിട്ടില്ലെന്നും ആർഎസ്എസിനെ കുറിച്ചുള്ള തന്റെ പരാമർശം സഭയിൽ ചർച്ചയായാൽ അപ്പോൾ നോക്കാമെന്നും സ്‌പീക്കർ വ്യക്‌തമാക്കി.
തൃശൂർ പൂരം അലങ്കോലമാക്കൽ, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്‌ച, അൻവർ ഉയർത്തിയ വിവാദങ്ങൾ, മലപ്പുറം വിരുദ്ധ പരാമർശം, ഹേമ കമ്മിറ്റി റിപ്പോർട്, പിആർ ഏജൻസി വിവാദം തുടങ്ങി നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്‌ധമാക്കാൻ വിഷയങ്ങൾ ഏറെയാണ്. മുഖ്യമന്ത്രിക്കെതിരായി പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിക്കാനും സാധ്യതയുണ്ട്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!