കോഴിക്കോട്: മാവോയിസ്റ്റ് എന്ന പേരിൽ പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മലപ്പുറം തിരൂർ ആതവനാട് വരിക്കോടൻ വീട്ടിൽ റഷീദ് (40) ആണ് അറസ്റ്റിലായത്. വിവിധ സിം കാർഡുകളിൽ നിന്നായി ഇയാൾ പലരെയും ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് കേസ്.
വിവിധ ജില്ലകളിൽ നിന്നായി എടുത്ത പന്ത്രണ്ടോളം സിം കാർഡുകളാണ് ഇയാൾക്ക് ഉള്ളത്. ആധാർ ഉപയോഗിച്ച് മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ നിന്നാണ് സിം കാർഡുകൾ സംഘടിപ്പിച്ചത്. ഈ സിം കാർഡുകൾ ഉപയോഗിച്ച് പലരെയും വിളിച്ച് മാവോയിസ്റ്റ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നത്. പെരിന്തൽമണ്ണയിൽ നിന്നാണ് പ്രതി പിടിയിലായത്.
കോഴിക്കോട് ജില്ലാ സിറ്റി ബ്രാഞ്ച് അസി. കമ്മീഷണർ ടിപി ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ കെജെ ബേബി, അബ്ദുൾ അസീസ്, സീനിയർ സിവിൽ പോലീസ് ഓഫിസർ വി സൂരജ് കുമാർ എന്നിവർ അടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Also: ഉവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ചു; ഹിന്ദു സേന പ്രവർത്തകർ അറസ്റ്റിൽ

































