റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒരുകോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന സഹ്ദിയോ സോറനെയാണ് സേന വധിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണ് സഹ്ദിയോ സോറൻ.
കോബ്ര ബറ്റാലിയൻ പോലീസുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകൾ വധിക്കപ്പെട്ടത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ. തതിഝാരിയ പോലീസ് സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റ് നേതാക്കളുണ്ടെന്ന വിവരത്തെ തുടർന്ന് സംഘം നടത്തിയിരുന്നു. രാവിലെ ആറുമണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് വിവരം.
സഹ്ദിയോ സൊറാനൊപ്പം മാവോയിസ്റ്റ് നേതാക്കളായ രഘുനാഥ്, ബിർസെൻ ഗഞ്ച് എന്നിവരും ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടു. ഇരുവരുടെയും തലയ്ക്ക് യഥാക്രമം 25, 10 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ സേനയുടെ തിരച്ചിൽ മേഖലയിൽ ഇപ്പോഴും തുടരുകയാണ്. രണ്ടുദിവസം മുൻപ് ഛത്തീസ്ഗഡിലെ ഗാരിയാബന്ദിലും സുരക്ഷാസേന തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവിനെ ഉൾപ്പടെ പത്തുപേരെ വധിച്ചിരുന്നു.
മുതിർന്ന മാവോയിസ്റ്റ് കമാൻഡർ മൊദേം ബാലകൃഷ്ണയെ ആണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. ഛത്തീസ്ഗഡിൽ മാത്രം ഈവർഷം ഇതുവരെ 241 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. മൈൻപുർ പോലീസ് സ്റ്റേഷന് കീഴിലെ വനമേഖലയിലാണ് മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയത്.
Most Read| ചൈനയുടെ ഭീഷണിക്ക് മറുപടി നൽകാൻ ഇന്ത്യ; ബ്രഹ്മപുത്രയിൽ കൂറ്റൻ അണക്കെട്ട് നിർമിക്കും