റായ്‌പുർ: ഛത്തീസ്‌ഗഡിലെ ഗാരിയാബന്ദിൽ പത്ത് മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരിൽ മുതിർന്ന മാവോയിസ്‌റ്റ് കമാൻഡർ മൊദേം ബാലകൃഷ്‌ണ ഉൾപ്പെടുന്നതായി പോലീസ് പറഞ്ഞു. തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ടിട്ടുള്ള നേതാവാണ്, മാവോയിസ്‌റ്റ് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മൊദേം ബാലകൃഷ്‌ണ.
മൈൻപുർ പോലീസ് സ്‌റ്റേഷന് കീഴിലെ വനമേഖലയിലാണ് മാവോയിസ്‌റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയതെന്ന് റായ്‌പുർ റേഞ്ച് ഐജി അംരേഷ് മിശ്ര പറഞ്ഞു. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, കോബ്ര, സംസ്‌ഥാന പോലീസ് എന്നിവരുടെ സംയുക്‌ത സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. സ്‌ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്‌റ്റ് കന്ധമാൽ- കാലാഹണ്ടി- ബൗധ്- നായാഗഡ് (കെകബിഎൻ) വിഭാഗത്തെ നയിച്ചിരുന്നയാളാണ് മൊദേം ബാലകൃഷ്‌ണ. തെലങ്കാന സ്വദേശിയാണ്. ബാലണ്ണ, രാമചന്ദർ, ഭാസ്‌കർ എന്നീ പേരുകളിലും അറിയപ്പെടുന്ന മൊദേം, സിപിഐ മാവോയിസ്‌റ്റിന്റെ ഒഡിഷ സംസ്‌ഥാന കമ്മിറ്റി സെക്രട്ടറിയായിരുന്നു. 80കളിലാണ് ബാലകൃഷ്‌ണ മാവോയിസ്‌റ്റ് പ്രസ്‌ഥാനത്തിൽ ചേരുന്നത്.
പത്തുപേരെ വധിച്ചത് കൂടാതെ 26 പേരെ സുരക്ഷാസേന അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ബുധനാഴ്‌ച നാരായൺപുർ ജില്ലയിൽ 16 മാവോയിസ്‌റ്റുകാർ കീഴടങ്ങിയിരുന്നു. തലയ്‌ക്ക് എട്ടുലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്‌റ്റിനെ ചൊവ്വാഴ്‌ച കാങ്കർ ജില്ലയിൽ വധിച്ചിരുന്നു. ഛത്തീസ്‌ഗഡിൽ ഈവർഷം ഇതുവരെ 241 മാവോയിസ്‌റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്.
Most Read| ദാനം ചെയ്‌തത് ആറ് അവയവങ്ങൾ; ഐസക്ക് ഇനി അവരിൽ ജീവിക്കും