തൃശൂർ: അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്‌തു. 95 വയസായിരുന്നു. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 2.50ഓടെയായിരുന്നു മരണം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പ്, താമരശ്ശേരി രൂപതാ ബിഷപ്പായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 2007 മുതൽ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
രണ്ടുതവണ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) വൈസ് പ്രസിഡണ്ട് ആയിരുന്നു. 2004ൽ തൃശൂർ മേരിമാതാ സെമിനാരിയിൽ നടന്ന സിബിസിഐയുടെ ചരിത്ര സംഗമത്തിന്റെ സംഘാടകനായി ശ്രദ്ധ നേടി. 1997ൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് സ്‌ഥാനം ഏറ്റെടുത്ത മാർ ജേക്കബ് തൂങ്കുഴി പത്തുവർഷം അതേ സ്‌ഥാനത്ത് തുടർന്നു. 22 വർഷം മാനന്തവാടി രൂപതയുടെ ബിഷപ്പ് ആയിരുന്നു.
കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് കർഷക ദമ്പതികളായ കുര്യന്റെയും റോസമ്മയുടെയും നാലാമത്തെ മകനായി 1930 ഡിസംബർ 13നാണ് ജനനം. കുടുംബം പിന്നീട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്ക് കുടിയേറുകയായിരുന്നു. കബറടക്കം പിന്നീട് നടക്കും.
Most Read| മോദിയുടെ ജീവിതകഥ സിനിമയാകുന്നു; ‘മാ വന്ദേ’, നായകനായി ഉണ്ണി മുകുന്ദൻ