‘മാർക്കോ’ സിനിമയ്‌ക്ക് വിലക്ക്; ടിവി ചാനലുകൾക്ക് പ്രദർശനാനുമതി ഇല്ല

ചിത്രത്തിന്റെ ഒടിടി പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും കത്തയച്ചിട്ടുണ്ട്.

By Senior Reporter, Malabar News
Marco movie
Marco Movie (Image By: Fcebook)
Ajwa Travels

ഇന്ത്യയിൽ നിർമിക്കപ്പെട്ട സിനിമകളിലെ എക്കാലത്തെയും ഏറ്റവും വലിയ വയലൻസ് ചിത്രമായി വിലയിരുത്തപ്പെടുന്ന ‘മാർക്കോ’ സിനിമയ്‌ക്ക് വിലക്കുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി). ടെലിവിഷൻ ചാനലുകളിൽ സിനിമ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു.

ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‌സി നിഷേധിച്ചു. റീജിയണൽ എക്‌സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത തരത്തിൽ വയലൻസ് സിനിമയിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.

ചിത്രത്തിന്റെ ഒടിടി പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും കത്തയച്ചിട്ടുണ്ട്. എ സർട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് നടപടിയെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ കേരള റീജിയൻ മേധാവി നദീം തുഫേൽ വിശദമാക്കി. ചിത്രത്തിന് തിയേറ്റർ പ്രദർശനത്തിന് സർട്ടിഫിക്കറ്റ് നൽകരുതെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിലെ രംഗങ്ങൾ പൂർണമായി മുറിച്ചുമാറ്റിയുള്ള സെൻസറിങ് ഇപ്പോൾ നിലവിലില്ല. ഉള്ളടക്കത്തിന്റെ അടിസ്‌ഥാനത്തിൽ വിവിധ കാറ്റഗറിയായി തരംതിരിച്ച് സർട്ടിഫിക്കറ്റ് നൽകുകയാണ് നിലവിലെ രീതി. വയലൻസ് കൂടുതലുള്ള സിനിമകൾ കുട്ടികൾ കാണാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടത് മാതാപിതാക്കളാണ്. അവർക്കാണ് പൂർണ ഉത്തരവാദിത്തം. സിനിമയുടെ സർട്ടിഫിക്കറ്റിനെ കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കണമെന്നും നദീം വ്യക്‌തമാക്കി.

എ സർട്ടിഫിക്കറ്റുള്ള സിനിമ 18 വയസിൽ താഴെയുള്ളവർ കാണാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. പരാതി ലഭിച്ചാൽ തിയേറ്ററിൽ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ നടക്കുന്ന ചർച്ചകളുടെ അടിസ്‌ഥാനത്തിൽ സിനിമകളിലെ വയലൻസ് നിയന്ത്രിക്കാൻ നടപടികളുമായി ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് രംഗത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്‌മസ്‌ റിലീസായി ഡിസംബര്‍ 20ന് തിയേറ്ററുകളിലെത്തിയ, ഉണ്ണി മുകുന്ദൻ നിറഞ്ഞാടിയ ചിത്രമാണ് മാർക്കോ. മലയാളഭാഷയുടെ അതിരുകളെ ഭേദിച്ച് നോർത്ത് ഇന്ത്യയിലും വൻചലനമാണ് ചിത്രം സൃഷ്‌ടിച്ചത്‍. ‘ബാഹുബലി’ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയൻ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയിൽ പ്രദര്‍ശനത്തിനെത്തുക.

Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE