തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ സെഷൻ ഓഫീസർ വിനോദിനെതിരെ പോലീസ് കേസെടുത്തു. രജിസ്ട്രാറുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കന്റോൺമെന്റ് പോലീസ് വിനോദിനെതിരെ കേസെടുത്തത്. ചതി, വിശ്വാസ വഞ്ചന, ഐടി ആക്‌ട് എന്നിവ പ്രകാരമാണ് കേസ്.
കേരള സർവകലാശാല ബിഎസ്‍സി കംപ്യൂട്ടർ സയൻസ് പരീക്ഷയിലെ മാർക്കുകളാണ് തിരുത്തിയത്. ഒരു വിദ്യാർഥിയുടെ മാർക്കിലാണ് ആദ്യം തിരിമറി കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ 70ലേറെ വിദ്യാർഥികളുടെ മാർക്കിൽ തിരിമറി നടത്തിയതായി കണ്ടെത്തി. തുടർന്ന് സെക്ഷൻ ഓഫീസർ എ വിനോദിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
മാർക്കിൽ മാറ്റം വരുത്താനുള്ള അധികാരം സെക്ഷൻ ഓഫീസർക്ക് കൈമാറിയതോടെയാണ് പാസ്‍വേഡ് കൈക്കലാക്കി ആർക്കും മാർക്കിൽ മാറ്റം വരുത്താവുന്ന സ്‌ഥിതി വന്നത്. 2008ലെ വിവാദ അസിസ്‌റ്റന്റ് പട്ടികയിലൂടെ ജോലി നേടിയ ആളാണ് നിലവിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്‌ഥൻ.
ക്രമക്കേട് വെളിച്ചത്തു വന്ന സാഹചര്യത്തിൽ പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ സർവകലാശാല സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എത്ര വിദ്യാർഥികളുടെ മാർക്കുകൾ തിരുത്തിയിട്ടുണ്ടെന്ന് കണ്ടെത്താൻ പരീക്ഷാ കൺട്രോളറുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തും.
Also Read: കേരളത്തിൽ അനധികൃത നിയമനങ്ങളുടെ കുംഭമേള; ചെന്നിത്തല