മലപ്പുറം: കേരളത്തിൽ നടക്കുന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പരാമർശം.
പാർട്ടി നേതാക്കളുടെ ഭാര്യമാരെയും ഇഷ്‌ടക്കാരെയും സർക്കാർ വ്യാപകമായി സ്‌ഥിരപ്പെടുത്തുകയാണ്. ഇതിനെതിരെ ശക്‌തമായ പ്രതിഷേധം ഉണ്ടാകും. പിണറായി സർക്കാരിന്റെ കാലത്തേക്കാൾ പിഎസ്‌സി നിയമനങ്ങൾ നടന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കൂടാതെ, മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് യുഡിഎഫിനെ ഒറ്റപ്പെടുത്താനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് ചെന്നിത്തല ആരോപിച്ചു. യുഡിഎഫിനെ ദുർബലപ്പെടുത്താമെന്ന് സിപിഎം കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ടുള്ള പ്രചാരണം സാധ്യമല്ലെന്ന് കണ്ടാണ് പച്ചയായ വർഗീയത ആളിക്കത്തിക്കാൻ സിപിഎം ശ്രമിക്കുന്നത്.
നാല് വോട്ടിന് വേണ്ടി ഏത് വർഗീയ വികാരവും ഇളക്കി വിടാൻ മടിയില്ലാത്ത പാർട്ടിയാണ് സിപിഎം എന്നാണ് ഈ പ്രചാരണങ്ങളിൽ നിന്ന് വ്യക്‌തമാകുന്നത്. ഒരു മതനിരപേക്ഷ പാർട്ടിയും ചെയ്യാൻ പാടില്ലാത്ത തെറ്റായ കാര്യമാണ് സിപിഎം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.