ടെഹ്റാൻ: ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ അത്യുഗ്ര സ്‌ഫോടനത്തിൽ നടുങ്ങി ഇറാൻ. നാലുപേർ മരിക്കുകയും 561ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. സ്‌ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധിപ്പേർക്ക് പരിക്കേറ്റതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം, സ്‌ഫോടനത്തിന്റെ കാരണം വ്യക്‌തമല്ല. ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്‌തുക്കൾ നിറഞ്ഞ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിന് പിന്നാലെ തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.
സ്‌ഫോടനത്തിൽ ഒട്ടേറെ കെട്ടിടങ്ങൾക്കും നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്. വലിയൊരു പ്രദേശം മുഴുവൻ ഗ്ളാസ് ചില്ലുകളും മനുഷ്യ ശരീരത്തിന്റെ അവശിഷ്‌ടങ്ങളും ചിന്നിച്ചിതറിക്കിടക്കുകയാണ്. പരിക്കേറ്റവരെ സ്‌ഥലത്ത് നിന്ന് മാറ്റുകയും മറ്റുള്ളവരെ ഒഴിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രദേശം മുഴുവൻ കറുത്ത പുകകൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇറാനും അമേരിക്കയും തമ്മിലുള്ള ആണവനിലയ ചർച്ചകളുടെ മൂന്നാം റൗണ്ട് ഒമാനിൽ ആരംഭിക്കാനിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത്. എന്നിരുന്നാലും കൃത്യമായ കാരണം എന്തെന്ന് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇറാൻ പ്രസിഡണ്ട് ഉത്തരവിട്ടിട്ടുണ്ട്.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി