മക്ക: കോവിഡ് പശ്‌ചാത്തലത്തിൽ ഏഴ് മാസത്തോളമായി നിർത്തി വെച്ച ഉംറ തീർഥാടനം വീണ്ടും ആരംഭിച്ചു. മസ്‌ജിദുൽ ഹറം പ്രാർത്ഥനകളോടെ വിശ്വാസികളെ വരവേറ്റു. ഘട്ടം ഘട്ടമായി ഉംറ പുനരാരംഭിക്കുമെന്ന തീരുമാനം കഴിഞ്ഞ ആഴ്‌ചയാണ് സൗദി ആഭ്യന്തര മന്ത്രാലയം എടുത്തത്.
ആദ്യഘട്ടത്തിൽ പ്രതിദിനം 6000 പേരെന്ന നിലയിൽ ആഭ്യന്തര തീർഥാടകർക്കാണ് ഞായറാഴ്‌ച മുതൽ പ്രവേശനം അനുവദിച്ചത്. ഈ മാസം 18 മുതൽ കൂടുതൽ പേരെ അനുവദിക്കും. രാജ്യത്തെ സ്വദേശികളും വിദേശികളുമായ തീർഥാടകരാണ് ഉംറക്ക് എത്തിയത്.
ഏഴ് മാസത്തിന് ശേഷം കഅ്ബ വലം വെച്ച നിർവൃതിയിലാണ് വിശ്വാസികൾ. ഹറമിന് സമീപത്തായി സജ്ജീകരിച്ച 5 ചെക്ക് പോയിന്റുകളിൽ എത്തിയ തീർഥാടകർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർദ്ദേശങ്ങൾ പാലിച്ചാണ് ഉംറ നിർവഹിച്ചത്. കിസ്‌വയിൽ തൊടുന്നതിനും ഹജ്‌റുൽ അസ്‌വദ് ചുംബിക്കുന്നതിനും വിലക്കുകൾ ഉണ്ടായിരുന്നു. കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കിയ ശേഷമാണ് തീർഥാടകരെ ഹറമിലേക്ക് പ്രവേശിപ്പിച്ചത്.
ഹറമിൽ പ്രവേശിച്ചവരെ 100 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ചാണ് കഅ്ബ വലം വെക്കാൻ അയച്ചത്. മൂന്ന് മണിക്കൂറാണ് ഉംറ നിർവഹിക്കാൻ അനുവദിച്ചത്. കഅ്ബയിൽ സ്‌പർശിക്കാതിരിക്കാൻ ചുറ്റും ബാരിക്കേഡുകളും ഉയർത്തിയിരുന്നു. തീർഥാടനം പുനരാരംഭിച്ചതോടെ മക്കയും പരിസര പ്രദേശങ്ങളും വീണ്ടും പ്രാർത്ഥനയുടെ നിറവിലാണ്.







































