ചെന്നൈ: മെഡിക്കല്‍ വിദ്യാർഥികളെക്കൊണ്ട് ഹിപ്പോക്രാറ്റിക് പ്രതിജ്‌ഞക്ക് പകരം ‘മഹര്‍ഷി ചരക് ശപഥം’ ചൊല്ലിച്ച മധുര മെഡിക്കല്‍ കോളേജ് ഡീനിനെ പുറത്താക്കി തമിഴ്‌നാട് സര്‍ക്കാര്‍. മധുര മെഡിക്കല്‍ കോളേജ് ഡീന്‍ എ രത്‌നവേലിനെയാണ് സര്‍ക്കാര്‍ പുറത്താക്കിയത്.
കഴിഞ്ഞ ശനിയാഴ്‌ചയാണ് സഭവം നടന്നത്. ഒന്നാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാർഥികളെ ‘ചരകശപഥം’ ചൊല്ലിച്ചതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും, കാലങ്ങളായുള്ള പോളിസികളും രീതികളും ലംഘിച്ചതില്‍ കുറ്റക്കാര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി എം. സുബ്രഹ്‌മണ്യൻ അറിയിച്ചു. ഹിപ്പോക്രാറ്റിക് പ്രതിജ്‌ഞ തന്നെ തുടരണമെന്ന് എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
മെഡിക്കല്‍ കോളേജുകളില്‍ വിദ്യാർഥികൾ ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി സ്വീകരിക്കുന്നതാണ് ഹിപ്പോക്രാറ്റിക് പ്രതിജ്‌ഞ. ഇതിനു പകരം ‘ഇന്ത്യന്‍ സംസ്‌കാരത്തിനും പാരമ്പര്യത്തിനും’ അനുസൃതമായി ‘മഹര്‍ഷി ചരക് ശപഥ്’ ചൊല്ലണമെന്ന് നേരത്തെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത് വലിയ വിവാദമായിരുന്നു.
Read also: കെജ്‌രിവാളിന്റെ കേരള സന്ദർശനം; ബദൽ മുന്നണി പ്രഖ്യാപിച്ചേക്കും







































