കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ജൂനിയർ ഡോക്‌ടർമാർ നടത്തിവരുന്ന സമരം ഭാഗികമായി അവസാനിപ്പിച്ചു. ശനിയാഴ്‌ച മുതൽ അത്യാഹിത വിഭാഗങ്ങളിൽ ജോലിയിൽ പ്രവേശിക്കുമെന്ന് ജൂനിയർ ഡോക്‌ടർമാർ അറിയിച്ചു.
എന്നാൽ, ഒപി ബഹിഷ്‌കരണം തുടരും. ആശുപത്രികളുടെയും ഡോക്‌ടർമാരുടെയും സുരക്ഷ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പട്ടിക സർക്കാർ ഇന്നലെ പുറത്തിറക്കിയതോടെയാണ് 41 ദിവസമായി തുടരുന്ന സമരം ഭാഗികമായി അവസാനിപ്പിക്കാൻ ജൂനിയർ ഡോക്‌ടർമാർ തീരുമാനിച്ചത്. സംസ്‌ഥാനത്തെ പ്രളയ സാഹചര്യം കണക്കിലെടുത്താണ് കടുത്ത സമരത്തിൽ നിന്ന് പിൻമാറുന്നതെന്നും ഡോക്‌ടർമാർ അറിയിച്ചു.
സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കൊൽക്കത്ത സ്വാസ്‌ത്യ ഭവനിൽ നിന്ന് സിബിഐ ഓഫീസിലേക്ക് ജൂനിയർ ഡോക്‌ടർമാർ ഇന്ന് വൈകിട്ട് മൂന്നുമണിക്ക് റാലി സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ജോലിക്ക് കയറണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചു ബംഗാളിൽ ജൂനിയർ ഡോക്‌ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരിന് കഴിയാത്തത് ബംഗാളിലെ ആരോഗ്യമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു.
അതിനിടെ, കേസിൽ പ്രതിചേർത്ത ആർജി കർ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷനും ലൈസൻസും റദ്ദാക്കി. പശ്‌ചിമ ബംഗാൾ മെഡിക്കൽ കൗൺസിലിന്റേതാണ് നടപടി. കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് സന്ദീപിനെ സിബിഐ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെയാണ് നടപടി.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്