കൊൽക്കത്ത: എക്‌സിറ്റ് പോൾ ഫലങ്ങളെ പൂർണമായി തള്ളി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്‌ഥാനത്ത് തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിൽ വരും. മാ, മാട്ടി, മാനുഷ് (അമ്മ, മണ്ണ്, മനുഷ്യൻ) സർക്കാർ രൂപീകരിക്കുമെന്നും മമത പ്രഖ്യാപിച്ചു.
എക്‌സിറ്റ് പോളുകളിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. എക്‌സ് പ്ളാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ, തൃണമൂൽ കോൺഗ്രസ് 266ലധികം സീറ്റുകൾ നേടി വൻ വിജയം കൈവരിക്കുമെന്ന് അവർ അവകാശപ്പെട്ടു. കഴിഞ്ഞതവണ നേടിയ 215 സീറ്റുകളേക്കാൾ മികച്ച പ്രകടനമായിരിക്കും ഇത്തവണത്തേതെന്നും മമത പറഞ്ഞു.
എന്നാൽ, ബംഗാളിൽ ചരിത്രപരമായ വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. ലക്ഷക്കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനം ഫലം കാണുമെന്നും സംസ്‌ഥാന ചരിത്രത്തിൽ ആദ്യമായി ബിജെപി അധികാരത്തിൽ വരുമെന്നും കർണാടക ബിജെപി അധ്യക്ഷൻ ബിവൈ. വിജയേന്ദ്ര പറഞ്ഞു.
ഏപ്രിൽ 23, 29 തീയതികളിലായി നടന്ന വോട്ടെടുപ്പിൽ 90 ശതമാനത്തിലധികം പോളിങ് ആണ് രേഖപ്പെടുത്തിയത്. 294 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ട എല്ലാ ഏജൻസികളും ബംഗാളിൽ ബിജെപി അധികാരത്തിൽ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
Most Read| ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും; മേയ് ഒന്നുമുതൽ പുതിയ നിയമം






































