തിരുവനന്തപുരം: യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച് സിഎച്ച് ഹാരിസ് നടത്തിയ വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ സ്‌ഥാനത്തിന് യോജിച്ചതല്ലെന്ന് മന്ത്രി പറഞ്ഞു.
നല്ല രീതിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിലപ്പോൾ പഞ്ഞിയോ മരുന്നോ ഉപകരണങ്ങളോ കുറഞ്ഞുകാണും. ഇല്ലെന്ന് പറയുന്നില്ല. ഡോക്‌ടർ അപ്പോഴത്തെ മാനസികാവസ്‌ഥയിൽ ചെയ്‌തതാണെങ്കിലും അദ്ദേഹം ഇരിക്കുന്ന സ്‌ഥാനത്തിന് യോജിച്ചതല്ല അത്. ഡോക്‌ടർ അത് തിരുത്തിയിട്ടുണ്ട്. അതോടെ ആ വിഷയം അവസാനിച്ചുവെന്നും മന്ത്രി പറഞ്ഞു.
വിഷയത്തിൽ ആരോഗ്യമന്ത്രിക്കെതിരെ വലിയ വിമർശനമാണ് കോൺഗ്രസ് നടത്തുന്നത്. വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. ഇവർ പറയുമ്പോൾ രാജിവെക്കാനാണോ മന്ത്രി ഇരിക്കുന്നതെന്നും സജി ചെറിയാൻ ചോദിച്ചു. അതേസമയം, വിഷയത്തിൽ ആരോഗ്യമന്ത്രി ഇതുവരെ ഒരുതരത്തിലുമുള്ള പ്രതികരണവും നടത്തിയിട്ടില്ല.
ഡോ. ഹാരിസിന്റെ തുറന്നുപറച്ചിൽ ശരിയാണെന്ന് ആരോഗ്യവകുപ്പിന് തന്നെ സമ്മതിക്കേണ്ടി വന്ന നിലയാണ് ഇന്നലെ ഉണ്ടായത്. വിവാദം ശക്‌തമായതോടെ പെട്ടെന്ന് തന്നെ ഹൈദരാബാദിൽ നിന്ന് ഉപകരണങ്ങൾ വിമാനമാർഗം എത്തിക്കുകയും മുടങ്ങിയ ശസ്‌ത്രക്രിയകൾ നടത്തുകയും ചെയ്‌തിരുന്നു. ഹാരിസിന്റെ പ്രതികരണത്തിന് പിന്നാലെ വിവിധ മെഡിക്കൽ കോളേജുകളിലെയും സർക്കാർ ആശുപത്രികളിലെയും മരുന്നുക്ഷാമം ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ പുറത്തുവരുന്നുണ്ട്.
Most Read| വിസ്‌മയ കേസ്; കിരൺ കുമാറിന് ജാമ്യം, ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി