കോഴിക്കോട്: ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിന് പിന്നാലെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിൽസാ പിഴവ്. കൈവിരലിന് ശസ്‌ത്രക്രിയ നടത്താനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്‌ത്രക്രിയ ചെയ്‌തു. അമ്മയും കുഞ്ഞും വിഭാഗത്തിലായിരുന്നു പിഴവ് സംഭവിച്ചത്.
ഇന്ന് രാവിലെയാണ് ചെറുവണ്ണൂർ സ്വദേശിയായ കുട്ടിയും മാതാപിതാക്കളും ആശുപത്രിയിൽ എത്തിയത്. കുട്ടിയുടെ കൈയിലെ ആറാം വിരൽ നീക്കം ചെയ്യാനായിരുന്നു എത്തിയത്. ശസ്‌ത്രക്രിയ പൂർത്തിയായെന്ന് പറഞ്ഞു കുട്ടിയെ നഴ്‌സ് വാർഡിലേക്ക് കൊണ്ടുവന്നപ്പോഴാണ് കുട്ടിയുടെ വായിൽ പഞ്ഞി തിരുകിയത് വീട്ടുകാർ കണ്ടതും കാര്യം തിരക്കിയതും.
കൈയിലെ തുണി മാറ്റി നോക്കിയപ്പോൾ ആറാം വിരൽ അതുപോലെ ഉണ്ടായിരുന്നു. കൈക്കാണ് ശസ്‌ത്രക്രിയ വേണ്ടതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു നഴ്‌സിന്റെ പ്രതികരണമെന്നും വളരെ നിസ്സാരമായാണ് ആശുപത്രി അധികൃതർ സംഭവം എടുത്തതെന്നും വീട്ടുകാർ ആരോപിക്കുന്നു.
എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ അധികൃതരിൽ നിന്ന് വ്യക്‌തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും വീട്ടുകാർ പറയുന്നു. അതിനിടെ, സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് കുട്ടിയുടെ ബന്ധുക്കളുമായി ചർച്ച നടത്തി. കുട്ടിയുടെ ബന്ധുക്കളോട് നാവിൽ ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർ മാപ്പ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്‌തമാക്കി.
അതേസമയം, ചികിൽസാ പിഴവ് സംബന്ധിച്ച് പോലീസിൽ പരാതി നൽകുമെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകരുതെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു. കുട്ടിയുടെ നാവിന് പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു. ഡോക്‌ടർക്കെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം. ഈ ശസ്‌ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം ആശുപത്രി ഏറ്റെടുക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
അതിനിടെ, സമാന പേരുള്ള രണ്ടുപേരുടെ ശസ്‌ത്രക്രിയ നടത്തിയപ്പോൾ വന്ന പിഴവാണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും പിതാവ് പ്രതികരിച്ചു. സംഭവം അടിയന്തിരമായി അന്വേഷിച്ചു റിപ്പോർട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്കാണ് നിർദ്ദേശം നൽകിയത്.
Most Read| പന്തീരാങ്കാവ് ഗാർഹിക പീഡനം; സർക്കാരിനോട് റിപ്പോർട് തേടി ഗവർണർ