കോഴിക്കോട്: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി സ്‌ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) മരിച്ചത്. രണ്ടാഴ്‌ചയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. എവിടെ നിന്നാണ് ഇദ്ദേഹത്തിന് അണുബാധയുണ്ടായതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നിലവിൽ പത്തുപേരാണ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഉള്ളത്. ഒരുമാസത്തിനിടെ കേരളത്തിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെയാളാണ് ഷാജി. മലപ്പുറം വണ്ടൂർ സ്വദേശി ശോഭന (56) കഴിഞ്ഞ തിങ്കളാഴ്‌ചയാണ് മരിച്ചത്.
വയനാട് ബത്തേരി സ്വദേശിയായ രതീഷ്, കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്നുമാസം പ്രായമായ കുഞ്ഞ്, മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംല, താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയ എന്നിവരാണ് അടുത്തിടെയായി മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവർ.
അതേസമയം, സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം വർധിച്ച സാഹചര്യത്തിൽ രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ക്ളോറിനേഷൻ നടപടികളും ബോധവൽക്കരണവും ശക്‌തമാക്കിയിട്ടുണ്ട്.
Most Read| ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം; ബില്ലിന് രാഷ്‍ട്രപതിയുടെ അംഗീകാരം





































