തിരുവനന്തപുരം: ജിഎസ്‌ടി ഇളവിന്റെ ഭാഗമായി നാളെമുതൽ മിൽമയുടെ നെയ്യ്, വെണ്ണ, പനീർ, ഐസ്‌ക്രീം തുടങ്ങിയ പാൽ ഉൽപ്പന്നങ്ങളുടെ വില കുറയും. നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. ഇതോടെ നെയ്യ് വില നിലവിലെ 720 രൂപയിൽ നിന്ന് 675 രൂപയാകും. 370 രൂപയുണ്ടായിരുന്ന അര ലിറ്റർ നെയ്യ് 25 രൂപ കുറഞ്ഞ് 345 രൂപയ്‌ക്ക് ലഭിക്കും.
നെയ്യുടെ ജിഎസ്‌ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറഞ്ഞതിന്റെ ഗുണമാണ് മിൽമ ഉപഭോക്‌താക്കൾക്ക് നൽകുന്നത്. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനിമുതൽ 225 രൂപയ്‌ക്ക് ലഭിക്കും. 500 ഗ്രാം പനീറിന്റെ വില 245 രൂപയിൽ നിന്ന് 234 രൂപയായി കുറയും. അഞ്ച് ശതമാനം ഉണ്ടായിരുന്ന പനീറിന്റെ ജിഎസ്‌ടി പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
മിൽമയുടെ വനില ഐസ്‌ക്രീം ഒരു ലിറ്ററിന് 220 രൂപയിൽ നിന്ന് 196 രൂപയായി കുറച്ചിട്ടുണ്ട്. ജിഎസ്‌ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനാൽ 24 രൂപയുടെ കിഴിവ് ലഭ്യമാകും. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിന്റെ പശ്‌ചാത്തലത്തിൽ ഇത്തരത്തിൽ ആശ്വാസം നൽകാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് മിൽമ ചെയർമാൻ കെഎസ് മണി പറഞ്ഞു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം