തിരുവനന്തപുരം: വയനാട്ടിലേത് ഉൾപ്പടെ കേരളത്തിലെ രക്ഷാപ്രവർത്തനത്തിന് ചിലവായ തുക കേന്ദ്രം തിരികെ ആവശ്യപ്പെട്ടത് ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പണം നൽകാൻ സംസ്‌ഥാനത്തിന് കഴിയാത്ത സാഹചര്യം കേന്ദ്രത്തെ അറിയിക്കും. കേന്ദ്ര സർക്കാരിന്റെ നടപടി നീതീകരിക്കാൻ ആകാത്തതാണെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്‌ച ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ കേന്ദ്രം സഹായത്തിന്റെ പണം ആവശ്യപ്പെട്ട വിവരം അറിയിക്കാനാണ് സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. വകുപ്പുകൾ തമ്മിലുള്ള അഡ്‌ജസ്‌റ്റ്‌മെന്റാണ് ഇപ്പോഴത്തെ നടപടി എന്നതാണ് ചിലരുടെ വാദം. അങ്ങനെ ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള അഡ്‌ജസ്‌റ്റ്‌മെന്റ് ആണെങ്കിൽ അത് നടത്താൻ പറ്റിയ ഇടം ഡെൽഹിയാണെന്നും മന്ത്രി പറഞ്ഞു.
സംസ്‌ഥാനത്തെ ബുദ്ധിമുട്ടിക്കരുത്. ജനാധിപത്യ വിരുദ്ധ നടപടിയാണ് കേന്ദ്ര സർക്കാരിന്റേത്. കേരളത്തിന് പല കോണുകളിൽ നിന്ന് ലഭിക്കേണ്ട സഹായം പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് വീട് നിർമിച്ചു നൽകാമെന്ന് അറിയിച്ചവരുടെ യോഗം ഈ മാസം ചേരുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു വീട് നിർമാണം സംബന്ധിച്ച കാര്യം ചർച്ച ചെയ്യും. സ്‌ഥലം ഏറ്റെടുപ്പ് സംബന്ധിച്ച കാര്യത്തിൽ തീരുമാനമാകാൻ വൈകിയതാണ് വീട് നിർമാണം വൈകാൻ ഇടയാക്കിയതെന്നും മന്ത്രി വ്യക്‌തമാക്കി.
നീതികരിക്കാനാകാത്ത ന്യായീകരണങ്ങൾ പറയാതെ സംസ്‌ഥാനത്തിന് വേണ്ടി ഒന്നിച്ചു നിൽക്കണമെന്ന് കെ സുരേന്ദ്രനോട് മന്ത്രി കെ രാജൻ ആവശ്യപ്പെട്ടു. വെള്ള കരത്തിന് സമാനമാണ് കേന്ദ്ര നടപടിയെന്ന കെ സുരേന്ദ്രന്റെ പ്രതികരണത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. സംസ്‌ഥാനത്തിന് വേണ്ട സഹായം കേന്ദ്രത്തിൽ നിന്ന് ചോദിച്ചു വാങ്ങുകയാണ് വേണ്ടത്. കെ സുരേന്ദ്രൻ ഉൾപ്പെടുന്ന കേരളത്തിലെ ജനതയാണ് ദുരിതമനുഭവിക്കുന്നതെന്ന ഓർക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് ചിലവായ തുക ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കേരളത്തിനയച്ച കത്ത് പുറത്തുവന്നിരുന്നു. എയർലിഫ്റ്റിന് ചിലവായ 132 കോടി രൂപ കേരളം തിരിച്ചടക്കണമെന്നാണ് പ്രതിരോധ മന്ത്രാലയം കത്തിൽ വ്യക്‌തമാക്കുന്നത്. 2006 മുതൽ 2024വരെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ചിലവായ തുക നൽകണമെന്ന കത്ത് കേരളത്തിന് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കേരളത്തെ പ്രളയം വിഴുങ്ങിയ 2018 ഓഗസ്‌റ്റിൽ നടത്തിയ എയർലിഫ്റ്റിങ്ങിന് ചിലവായ തുകയും കണക്കിൽ വ്യക്‌തമായി പറയുന്നുണ്ട്. 2018 ഓഗസ്‌റ്റ് 18ന് മാത്രം 29.64 കോടി രൂപയാണ് എയർലിഫ്റ്റിങ്ങിന്റെ ഭാഗമായി കേരളം കേന്ദ്ര സർക്കാരിന് നൽകാനുള്ളത്. വയനാട് പുനരധിവാസത്തിന് കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് കേരളം നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് കേന്ദ്രത്തിന്റെ തിരിച്ചടി ഉണ്ടാവുന്നത്.
Most Read| ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; ബില്ല് നാളെ ലോക്‌സഭയിൽ അവതരിപ്പിക്കില്ല