ഇടുക്കി: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ വീട് സന്ദർശിച്ച് മന്ത്രി എംഎം മണി. മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാൻ ആവശ്യമായ ഇടപെടലുകൾ സംസ്‌ഥാന സർക്കാർ ചെയ്യുന്നുണ്ട്.
സൗമ്യയുടെ കുടുംബത്തിനുള്ള നഷ്‌ടപരിഹാരം കൊടുക്കേണ്ടത് ഇസ്രയേൽ ഭരണകൂടമാണ്. ഇസ്രയേലിന്റെ ഭാഗത്ത് നിന്നും അതുണ്ടായില്ലെങ്കിൽ വേണ്ട കാര്യങ്ങൾ സംസ്‌ഥാന സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലാ കളക്‌ടറും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
അതേസമയം, സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ഇന്ത്യൻ എംബസിയുടെ നടപടികൾ പൂർത്തിയായി. എത്രയും വേഗം മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് എംബസി അറിയിച്ചു. മൃതദേഹം നിലവിൽ ടെൽ അവിവിലെ ഫോറൻസിക് ലാബ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (30) ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. വൈകിട്ട് 5.30ന് ഭർത്താവുമായി ഇസ്രയേലിലെ അഷ്‌ക ലോണിലുള്ള വീട്ടിൽനിന്നും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ താമസ സ്‌ഥലത്ത് ഷെൽ പതിക്കുകയായിരുന്നു. അവിടെയുള്ള ബന്ധുവാണ് സൗമ്യയുടെ മരണ വിവരം കുടുംബാംഗങ്ങളെ വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴു വർഷമായി ഇസ്രയേലിലാണ്. കെയർ ടേക്കറായി ജോലി ചെയ്‌ത് വരികയായിരുന്നു. 8 വയസുകാരനായ മകനുണ്ട്.
Read also: കോവിഡ് വ്യാപനത്തിൽ അധികൃതർ തങ്ങളെ ബലിയാടാക്കുന്നു; ഉന്നാവിൽ 14 ഡോക്‌ടർമാർ രാജിവച്ചു