ബെയ്‌റൂട്ട്: പൗരൻമാരോട് ലബനൻ വിടാൻ മുന്നറിയിപ്പ് നൽകി യുഎസ് അടക്കമുള്ള രാജ്യങ്ങൾ. ഇറാൻ-ഇസ്രയേൽ സംഘർഷം യുദ്ധത്തിലെത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാലാണ് മുന്നറിയിപ്പ്. ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗപ്പെടുത്തി എത്രയും വേഗം ലബനനിൽ നിന്ന് മാറാനാണ് നിർദ്ദേശം.
ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയയെ (61) ഇറാനിൽ വെച്ച് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷ സാഹചര്യം ഉണ്ടായത്. ആക്രമണം നടത്തിയത് ഇസ്രയേൽ ആണെന്നാണ് ഹമാസും ഇറാനും ആരോപിക്കുന്നത്. വധത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പാമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിരുന്നു.
ഇറാൻ ഉടൻ ആക്രമണം അഴിച്ചുവിടുമെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഇറാൻ പ്രസിഡണ്ട് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുത്ത് മണിക്കൂറുകൾക്കകമാണ് ഇസ്‌മായിൽ ഹനിയ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഹമാസ് സൈനിക മേധാവി മുഹമ്മദ് ദായിഫിനെയും വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടിരുന്നു.
ഇറാൻ പിന്തുണയ്‌ക്കുന്ന ലബനനിലെ ഹിസ്ബുല്ല സംഘടന തിരിച്ചടിക്കുമെന്നാണ് യുഎസ് അടക്കമുള്ള രാജ്യങ്ങൾ വിലയിരുത്തുന്നത്. അതിനിടെ, ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായാൽ ഇസ്രയേൽ കനത്ത രീതിയിൽ തിരിച്ചടിക്കുമെന്നും വിലയിരുത്തലുണ്ട്. സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾ യുഎസിന്റെ നേതൃത്വത്തിൽ നടക്കുന്നതായാണ് വിവരം.
യുഎസ്, യുകെ, സ്വീഡൻ, ഫ്രാൻസ്, കാനഡ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളാണ് തങ്ങളുടെ പൗരൻമാരോട് ലബനൻ വിടാൻ നിർദ്ദേശിച്ചിരിക്കുന്നത്. ബെയ്‌റൂട്ടിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ ഹിസ്ബുല്ല വടക്കൻ ഇസ്രയേലിൽ റോക്കറ്റാക്രമണം നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. പെന്റഗൺ കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും പ്രദേശത്ത് വിന്യസിച്ചു. യുകെയും കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
Most Read| അച്ഛൻ ഓടിക്കുന്ന ബസിൽ കണ്ടക്‌ടറായി മകൾ; ‘ലക്ഷ്‌മി’യിൽ താരമായി ശ്വേത