കണ്ണൂർ: അച്ഛൻ ഓടിക്കുന്ന ബസിൽ കണ്ടക്‌ടറായി ജോലി ചെയ്യുകയെന്നത് അഭിമാനമായാണ് ശ്വേത കാണുന്നത്. കുട്ടിക്കാലം മുതലുള്ള ശ്വേതയുടെ സ്വപ്‌നമായിരുന്നു ഈ കാക്കിവേഷം. ചെറുപുഴ തിരുമേനിയിലെ അരീപ്പാറയ്‌ക്കൽ സന്തോഷും മകൾ ശ്വേതയും തിരുമേനി- ചെറുപുഴ- കോഴിച്ചാൽ- പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ലക്ഷ്‌മി’ ബസിലാണ് ഡ്രൈവറും കണ്ടക്‌ടറുമായി ജോലി ചെയ്യുന്നത്.
സന്തോഷിന്റെ മകൻ സ്വരൂപും ‘ഐഷാനി’ എന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ്. ബന്ധുക്കൾ മിക്കവരും ബസ് തൊഴിലാളികൾ ആയതാണ് ശ്വേതയെയും ഈ ജോലിയിലേക്ക് പ്രേരിപ്പിച്ചത്. ടിക്കറ്റ് ടിക്കറ്റ് എന്ന് പറഞ്ഞുവരുന്ന കണ്ടക്‌ടർമാരോട് കുട്ടിക്കാലം മുതൽ ഒരു ആരാധനയുണ്ടായിരുന്നു ശ്വേതയ്‌ക്ക്. അച്ഛനോടിക്കുന്ന ബസിൽ കയറുമ്പോൾ അച്ഛന്റെ കൂട്ടുകാർ വന്ന് കുശലം ചോദിക്കുകയും കൊഞ്ചിക്കുകയും ചെയ്യുമായിരുന്നു.
ഇന്നിപ്പോൾ അവരോടൊപ്പം ജോലി ചെയ്യുന്നത് സന്തോഷമാണെന്നാണ് ശ്വേത പറയുന്നത്. കൂടാതെ അച്ഛനോടിക്കുന്ന ബസിൽ തന്നെ ജോലി ചെയ്യുന്നത് അഭിമാനമാണെന്നും ശ്വേത പറയുന്നു. രണ്ടാഴ്‌ച മുമ്പാണ് കണ്ടക്‌ടർ ലൈസൻസ് എടുത്ത് അച്ഛൻ ഡ്രൈവറായ അതേ ബസിൽ തന്നെ ശ്വേതയും ജോലിയിൽ പ്രവേശിക്കുന്നത്.
ബസിലെ ജോലി തനിക്കേറെ ഇഷ്‌ടമാണെന്നും അതുകൊണ്ടാണ് ഡാൻസ് ടീച്ചറായിരുന്ന താൻ അതുവിട്ട് ബസ് കണ്ടക്‌ടറായതെന്നും ശ്വേത പറയുന്നു. മലേഷ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഷിജുവും ശ്വേതയ്‌ക്ക് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. ഇനി സഹോദരൻ ഓടിക്കുന്ന ബസിലും ഡബിൾബെൽ അടിക്കണമെന്നാണ് ശ്വേതയുടെ ആഗ്രഹം. അത് എത്രയും പെട്ടെന്ന് നിറവേറ്റാൻ സാധിക്കട്ടേയെന്നാണ് ശ്വേതയെ അറിയുന്ന എല്ലാവരുടെയും പ്രാർഥന.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം; ഭാവിയിൽ അഭയ കേന്ദ്രമായേക്കും