വാഷിങ്ടൻ: ലബനനിലെ സൈനിക നടപടിയിൽ ഇസ്രയേലിനെതിരെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിച്ചു. ഫോൺ സംഭാഷണത്തിൽ ട്രംപ് സ്വരം കടുപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ലബനനിൽ ആക്രമണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യുഎസുമായുള്ള ചർച്ചകളിൽ നിന്ന് ഇറാൻ പിൻമാറിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്‌ച നെതന്യാഹുവിന്റെ ഫോണിൽ വിളിച്ച് ട്രംപ് രൂക്ഷ ഭാഷയിൽ സംസാരിച്ചത്.
ബുദ്ധിശൂന്യനെന്നും നന്ദികെട്ടവനെന്നും നെതന്യാഹുവിന്റെ ട്രംപ് കുറ്റപ്പെടുത്തിയതായാണ് യുഎസ് ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോർട് ചെയ്‌തത്. ബെയ്‌റൂട്ടിലെ ഇസ്രയേൽ സൈനിക നടപടി ട്രംപ് തടയുകയും ചെയ്‌തു. നെതന്യാഹുവിനെ ഫോണിൽ വിളിച്ച് സംസാരിച്ചതായും സൈനിക നടപടി തടഞ്ഞതായും ട്രംപും ട്രൂത്ത് സോഷ്യലിലൂടെ സ്‌ഥിരീകരിച്ചു.
ലബനനിലെ ഹിസ്ബുള്ള പ്രതിനിധികളുമായും ട്രംപ് സംസാരിച്ചു. ലബനൻ തലസ്‌ഥാനത്ത് ബോംബിടാനുള്ള നീക്കം ഇസ്രയേലിനെ കൂടുതൽ ഒറ്റപ്പെടുത്തുമെന്നും ട്രംപ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി. യുഎസിന്റെ അറിവോടെയാണ് ഇസ്രയേൽ ലബനനിൽ ആക്രമണം നടത്തുന്നതെങ്കിലും അത് പരിധി വിട്ടതായും സാധാരണക്കാർ ആക്രമണത്തിൽ കൊല്ലപ്പെട്ടതും ട്രംപിനെ ചൊടിപ്പിച്ചതായാണ് സൂചന.
ലബനനിലും ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ യുഎസുമായി മധ്യസ്‌ഥ ചർച്ചക്കില്ലെന്നാണ് ഇറാൻ റവല്യൂഷണറി ഗാർഡ് കോർ അറിയിച്ചത്. വെടിനിർത്തൽ ലംഘനത്തിന്റെ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികളാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ചർച്ചകൾ തുടരുകയാണെന്നും അടുത്ത ആഴ്‌ച സമാധാന കരാറിലെത്താൻ കഴിയുമെന്നും ട്രംപ് വ്യക്‌തമാക്കി.
Most Read| സംസ്‌ഥാനത്ത് പാൽ ഉൽപ്പാദനം ഒരുകോടി ലിറ്ററാക്കും; മുഖ്യമന്ത്രി





































