തിരുവനന്തപുരം: കേരളത്തിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി മുംബൈ ആസ്‌ഥാനമായുള്ള ഇന്ത്യയിലെ ബഹുരാഷ്‌ട്ര കമ്പനിയായ ടാറ്റ ഗ്രൂപ്പ്. കേരളത്തിൽ കപ്പൽ നിർമാണ മേഖലയിലേക്കാണ് കമ്പനിയുടെ വരവ്.
സോഫ്‌റ്റ്‌വെയർ (TCS), മോട്ടോഴ്‌സ് (ടാറ്റ മോട്ടോഴ്‌സ്), സ്‌റ്റീൽ (ടാറ്റ സ്‌റ്റീൽ) തുടങ്ങി നിരവധി മേഖലകളിൽ കമ്പനി സ്‌ഥാനം ഉറപ്പിച്ചിട്ടുണ്ടെങ്കിലും കപ്പൽ നിർമാണത്തിലേക്ക് വരുന്നത് ആദ്യമായാണ്. കേരളത്തിൽ കപ്പൽ നിർമാണ രംഗത്ത് 10,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ടാറ്റയുടെ അപേക്ഷ വിശദമായി പരിശോധിക്കും. ഭൂമി നടക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഒരുമാസത്തിനകം തീരുമാനം എടുക്കും. എന്നാൽ, സംസ്‌ഥാനത്തിന്റെ താൽപര്യം സംരക്ഷിച്ച് മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും ഒരു ഇംഗ്ളീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ കടൽശക്‌തിയാക്കാൻ ‘മിഷൻ സമുദ്ര’ പദ്ധതി മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. വിഴിഞ്ഞത്ത് മദർഷിപ്പ് നിർമാണം, അറ്റകുറ്റപ്പണി നടത്താനുള്ള കപ്പൽശാല തുടങ്ങിയവയായിരുന്നു പ്രഖ്യാപനങ്ങൾ. ഇതിന് പിന്നാലെയാണ് ഇപ്പോൾ ടാറ്റയുടെ രംഗപ്രവേശവും. ഇതോടെ കേരളത്തിന്റെ സമുദ്രമേഖലക്ക് കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള സാധ്യതകളാണ് തുറന്നിരിക്കുന്നത്.
തൃശൂർ ആസ്‌ഥാനമായ സ്വർണപ്പണയ വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോൺസിനെ ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാറ്റ ക്യാപിറ്റൽ ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ടാറ്റ ആദ്യമായി ഗോൾഡ് ലോൺ മേഖലയിലേക്ക് ചുവടുവയ്‌ക്കുക കൂടിയാണ് ഇതിലൂടെ. കേരളക്കമ്പനിയെ ഏറ്റെടുത്ത ടാറ്റയുടെ നീക്കം ഏവരെയും ആശ്‌ചര്യപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കേരളക്കരയിൽ കൂടുതൽ പിടിമുറുക്കാൻ കപ്പൽ നിർമാണ രംഗത്തേക്കുള്ള കടന്നുവരവും.
Most Read| ലിസി ആശുപത്രിയുടെ 33ആമത് ഹൃദയം മാറ്റിവയ്‌ക്കൽ 24കാരനിൽ വിജയം








































