തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ചുകൊണ്ടാണ് സജി ചെറിയാൻ നിർവ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. പരാമർശങ്ങൾ വിവാദമായതോടെ പാർട്ടിക്കകത്തും പുറത്തുനിന്നും സമ്മർദ്ദം ഏറിയ സാഹചര്യത്തിലാണിത്.
കാസർഗോഡും മലപ്പുറത്തും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
”കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങൾ.
മതചിന്തകൾക്ക് അതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.
എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി ഞാൻ മനസിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും എന്നെ വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നു”- സജി ചെറിയാൻ പറഞ്ഞു.
Most Read| ഭൂട്ടാൻ വാഹനക്കടത്ത്; മുക്കത്ത് നിന്ന് കാണാതായ വാഹനം കണ്ടെത്തി





































