
നിലമ്പൂർ: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ പിൻമാറണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. അത്തരം ശ്രമങ്ങളെ ജനാധിപത്യത്തിലൂടെ രാജ്യം ഒന്നിച്ച് ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലമ്പൂർ മജ്മഅ് അക്കാദമിയുടെ 40ആം വാർഷിക പ്രഖ്യാപന സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം സഹിഷ്ണുതയെ പ്രോൽസാഹിപ്പിച്ച മതമാണെന്നും മുസ്ലിംകൾ അക്രമണത്തിന്റെയും തീവ്രവാദത്തിന്റെയും ആളുകളാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. പുതുതായി നിർമിച്ച താജുൽ ഉലമ സെൻട്രൽ ലൈബ്രറി കാന്തപുരം തുറന്ന് നൽകി. ലോകത്താകമാനം നടക്കുന്ന മനുഷ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരേയുള്ള പ്രതിരോധ ശ്രമങ്ങൾക്ക് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
40ആം വാർഷിക സമ്മേളനത്തിന്റെ കർമ്മ പദ്ധതികളും വിഷനും മജ്മഅ് ജനറൽ സെക്രട്ടറി കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അവതരിപ്പിച്ചു. അഞ്ചുവർഷത്തെ കർമ്മ പദ്ധതി പൂർത്തീകരണമായി 2029 ഡിസംബറിൽ 40ആം വാർഷികം ആഘോഷിക്കും. എംപിബി പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ വെച്ച് നടന്നു.
വിഎസ് ഫൈസി വഴിക്കടവ്, മിഖ്ദാദ് ബാഖവി ചുങ്കത്തറ, ബാപ്പു തങ്ങൾ മമ്പാട്, കൊമ്പൻ മുഹമ്മദ് ഹാജി, സ്വാദിഖ് ഹാജി, ജുനൈസ് സഖാഫി, സയ്യിദ് ഹൈദരലി തങ്ങൾ, സ്വാഗത സംഘം കൺവീനർ അബ്ദുറഹ്മാൻ ദാരിമി സീഫോർത്ത്, സിഎച്ച് ഹംസ സഖാഫി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!




































