കൊച്ചി: ജയസൂര്യ ഉൾപ്പടെ നാല് നടൻമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മിനു മുനീർ രംഗത്ത്. നടൻമാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു എന്നിവർ മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. അമ്മ സംഘടനയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്ക് വഴങ്ങണമെന്ന് ഒരു നടൻ ആവശ്യപ്പെട്ടതായും മിനു ആരോപിക്കുന്നു.
മാദ്ധ്യമങ്ങളോടാണ് നടിയുടെ വെളിപ്പെടുത്തൽ. സർക്കാർ നിർദ്ദേശിച്ചതിനെ തുടർന്നാണ് എല്ലാം തുറന്ന് പറയുന്നതെന്നും സിനിമയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്താൻ കൂടുതൽപേർ മുന്നോട്ടുവരണമെന്നും മിനു പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് നടൻമാരിൽ നിന്നും നേരിട്ട മോശമായ പെരുമാറ്റത്തെ കുറിച്ചാണ് മിനു മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
‘2008ലാണ് ആദ്യത്തെ ദുരനുഭവം ഉണ്ടായത്. ജയസൂര്യയുടെ ഭാഗത്ത് നിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്. സെക്രട്ടറിയേറ്റിലായിരുന്നു ഷൂട്ടിങ്. റെസ്‌റ്റ് റൂമിൽ പോയിവന്നപ്പോൾ ജയസൂര്യ പിറകിൽ നിന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചു. ഫ്‌ളാറ്റിലേക്ക് വരാൻ ക്ഷണിച്ചു. ആരോടെങ്കിലും ഇക്കാര്യം പറയാൻ പേടിയായിരുന്നു’- നടി പറഞ്ഞു.
‘2013 ആയപ്പോഴേക്കും താൻ ആറ് സിനിമകളിൽ അഭിനയിച്ചു. മൂന്ന് സിനിമയിൽ അഭിനയിച്ചാൽ അമ്മ സംഘടനയിൽ അംഗത്വം ലഭിക്കും. ഇതിനായി ഇടവേള ബാബുവിനെ ഫോണിൽ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു. പെട്ടെന്ന് ഫ്‌ളാറ്റിൽ നിന്നിറങ്ങി. അമ്മയിൽ അംഗത്വം കിട്ടിയില്ല. പിന്നീട് നടൻ മുകേഷ് ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല’- നടി വെളിപ്പെടുത്തി.
മണിയൻപിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചു. മുറിയുടെ വാതിലിൽ മുട്ടി. പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരും മോശമായി പെരുമാറി. പിന്നീട് അമ്മയിൽ നിന്ന് ഒരാൾ വിളിച്ചു ഇപ്പോൾ അംഗത്വം തരാൻ കഴിയില്ലെന്ന് പറഞ്ഞു. ഇതിന് ശേഷം എല്ലാ മടുത്താണ് ചെന്നൈയിലേക്ക് പോയതെന്നും നടി വെളിപ്പെടുത്തി.
Most Read| ലൈംഗികാരോപണം; അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘം