തൊടുപുഴ: 70 അടി താഴ്‌ചയിലേക്ക് വീണ യുവാവിന് അൽഭുത രക്ഷ. ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ വീണ വണ്ണപ്പുറം സ്വദേശി സാംസൺ ജോർജ് ആണ് അപകടത്തിൽപ്പെട്ട് അൽഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ആയിരുന്നു സംഭവം.
സുഹൃത്തുക്കൾക്കൊപ്പം രാവിലത്തെ കാഴ്‌ച കാണാൻ മല കയറിയതായിരുന്നു സാംസൺ. മഴപെയ്‌ത് നനഞ്ഞു കിടന്നിരുന്ന പാറയിൽ നിന്ന് സാംസൺ കാൽതെന്നി പാറയിടുക്കിലേക്ക് വീഴുകയായിരുന്നു. വെള്ളിയാഴ്‌ച പ്രദേശത്ത് ശക്‌തമായ മഴയുണ്ടായിരുന്നു. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ തെന്നിവീഴാനുള്ള സാധ്യതയും കൂടുതലാണ്.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും പോലീസും സുഹൃത്തുക്കളും ചേർന്നാണ് സാംസണെ രക്ഷപ്പെടുത്തിയത്. കൈക്ക് പരിക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!