തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരിയെ നാളെ കേരള പോലീസ് ഏറ്റുവാങ്ങും. പെൺകുട്ടിയെ തിരികെ നാട്ടിലെത്തിക്കാൻ വിശാഖപട്ടണത്ത് എത്തിയ കഴക്കൂട്ടം പോലീസ് കുട്ടിയുമായി നാളെ മടങ്ങും. നാളെ ഉച്ചയ്‌ക്ക് മുൻപ് കുട്ടിയെ ഏറ്റുവാങ്ങി വിജയവാഡയിലെത്തും. തുടർന്ന് രാത്രി 10.25ന് വിജയവാഡയിൽ നിന്നും കേരള എക്‌സ്‌പ്രസിലാണ് കേരളത്തിലേക്ക് തിരിക്കുക.
ഞായറാഴ്‌ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും. കുട്ടിയെ തിരികെ എത്തിക്കുന്നതിനായി എത്തിയ സംഘം മടക്കയാത്രക്ക് ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്നു. ഏകദേശം 30 മണിക്കൂറോളം യാത്ര ചെയ്‌ത് വിശാഖപട്ടണത്ത് എത്തിയ രണ്ട് വനിതാ പോലീസുകാർ ഉൾപ്പടെയുള്ള പോലീസ് സംഘമാണ് കുട്ടിയേയും കൊണ്ട് കേരളത്തിലേക്കുള്ള മടക്കയാത്രക്ക് സൗകര്യപ്രദമായ ട്രെയിൻ ടിക്കറ്റിനായി ബുദ്ധിമുട്ടിയത്.
ഒടുവിൽ ഇവരെ മലയാളി സംഘടനാ പ്രവർത്തകരും സഹായിച്ചു. ബുധനാഴ്‌ച രാത്രി 10.15നാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്‌സ്‌പ്രസിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. തിങ്കളാഴ്‌ച രാവിലെ പത്തരയോടെയാണ് കഴക്കൂട്ടത്തെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് അമ്മ വഴക്കുപറഞ്ഞതിനാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. ജൻമ ദേശമായ അസമിലേക്ക് പോവുകയായിരുന്നു കുട്ടിയുടെ ലക്ഷ്യം.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം







































