തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്നാണ് വിവരം. കുട്ടിയുടെ അമ്മയുടെ സഹോദരനായ ഹരികുമാർ കുറ്റം സമ്മതിച്ചുവെന്നാണ് സൂചന.
കുട്ടിയെ ഇയാൾ കിണറ്റിലെറിഞ്ഞു കൊന്നുവെന്ന നിഗമനത്തിലായിരുന്നു പോലീസ് തുടക്കം മുതൽ. കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഇല്ലെന്ന് ദേഹപരിശോധനയിൽ വ്യക്‌തമായി. വീട്ടിൽ ഉള്ളയാൾ തന്നെയാണ് കുട്ടിയെ അപായപ്പെടുത്തിയതെന്ന് പോലീസിന് ഉറപ്പായിരുന്നു. കുട്ടിയുടെ അച്ഛൻ, അമ്മ, മുത്തശ്ശി എന്നിവരെയും പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തിരുന്നു.
കൊട്ടുകാൽക്കോണം സ്വദേശികളായ ശ്രീജിത്ത്- ശ്രീതു ദമ്പതികളുടെ മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്ന് രാവിലെ 5.15നാണ് കാണാനില്ലെന്ന് മനസിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചപ്പോഴാണ് എട്ടുമണിയോടെ കുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നുവെന്നാണ് ഹരികുമാർ പോലീസിനോട് പറഞ്ഞിരുന്നത്. കുറ്റകൃത്യം ഒറ്റയ്‌ക്ക് ചെയ്‌തുവെന്നാണ് ഇയാളുടെ മൊഴി. എന്നാൽ, മറ്റാരെയെങ്കിലും സംരക്ഷിക്കാൻ വേണ്ടി ഹരികുമാർ കുറ്റം ഏറ്റെടുത്തതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. കുറ്റം ഏറ്റു പറഞ്ഞെങ്കിലും എന്തിന് വേണ്ടിയാണ് കുഞ്ഞിനെ കൊന്നതെന്ന ചോദ്യത്തിന് ഹരികുമാർ കൃത്യമായ ഉത്തരം നൽകിയിട്ടില്ല.
ഹരികുമാർ ചെറിയ തോതിൽ മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചതിനാൽ കൂടുതൽ ചോദ്യം ചെയ്‌ത് മൊഴി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കുഞ്ഞിനെ പുലർച്ചെ പിതാവ് ശ്രീജിത്തിന്റെ അടുത്ത് കിടത്തിയ ശേഷമാണ് ശുചിമുറിയിലേക്ക് പോയതെന്നാണ് അമ്മ ശ്രീതു ആദ്യം പറഞ്ഞിരുന്നത്. ശ്രീജിത്തും ശ്രീതുവും തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
കുട്ടിയുടെ ശരീരത്തിൽ മറ്റു മുറിവുകൾ ഒന്നും ഇല്ലെന്ന് ഇൻക്വസ്‌റ്റ് റിപ്പോർട്ടിൽ പറയുന്നു. ബലപ്രയോഗം നടത്തിയതിന്റ ലക്ഷണങ്ങളും ദേഹപരിശോധനയിൽ കണ്ടെത്തിയില്ല. പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നാൽ മരണകാരണം വ്യക്‌തമായി അറിയാൻ കഴിയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ഉച്ചയ്‌ക്ക് ശേഷം പോസ്‌റ്റുമോർട്ടം നടപടികൾ നടത്തുമെന്നും പോലീസ് വ്യക്‌തമാക്കി.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം