മുംബൈ: 14 ദിവസം മുമ്പ് കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അഴുകിയ നിലയിൽ ആശുപത്രിയിലെ ശൗചാലയത്തിൽ നിന്ന് കണ്ടെത്തി. മുംബൈ സെവ്റിയിലെ ടി.ബി ആശുപത്രിയിലാണ് സംഭവം. ക്ഷയരോഗ ബാധിതനായ സൂര്യബാൻ യാദവ് (27) എന്നയാളുടെ മൃതദേഹമാണ് ശൗചാലയത്തിൽ നിന്ന് കണ്ടെടുത്തത്.
ഒക്ടോബർ 4 നാണ് സൂര്യബാനെ കാണാതായത്. തുടർന്ന് അന്വേഷണം നടത്തിയിട്ടും കണ്ടെത്താൻ സാധിച്ചില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെ ശൗചാലയത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. അഴുകിയ നിലയിലായതിനാൽ മരിച്ചത് ആരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് സൂര്യബാനാണെന്ന് തെളിഞ്ഞത്.
ആശുപത്രി ബ്ളോക്കിലെ ശൗചാലയങ്ങളും കുളിമുറികളും പതിവായി വൃത്തിയാക്കുന്നതും മറ്റ് രോഗികൾ സ്ഥിരമായി ഉപയോഗിക്കുന്നതുമാണ്. എന്നിട്ടും 14 ദിവസമായി മൃതദേഹം ആരുടേയും ശ്രദ്ധയിൽപെട്ടില്ല എന്നത് ദുരൂഹത ഉയർത്തുന്ന വസ്തുതയാണ്. ‘ഇയാളെ കാണാതായത് സംബന്ധിച്ച് റിപ്പോർട്ട് ഫയൽ ചെയ്തിരുന്നു. ടി.ബി രോഗികൾ ആശുപത്രിയിൽ നിന്ന് ഒളിവിൽ പോകുന്നത് പതിവാണ്. സൂര്യബാന്റെ മരണം സംഭവിച്ചത് നിർഭാഗ്യകരമാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്‘- ആശുപത്രി മാനേജ്മെന്റ് പറഞ്ഞു.
സെപ്റ്റംബർ 30 നാണ് സൂര്യബാൻ യാദവ് ആശുപത്രിയിൽ എത്തിയത്. അഡ്മിറ്റ് ആയ സമയത്ത് ഇയാൾ കൃത്യമായ മേൽവിലാസം നൽകിയിരുന്നില്ല എന്ന് ജീവനക്കാർ പറയുന്നു. ആ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്ന 11 കോവിഡ് രോഗികളോടൊപ്പം ഒന്നാം നിലയിലെ വാർഡിലാണ് സൂര്യബാനെ പ്രവേശിപ്പിച്ചത്. ക്ഷയ രോഗി ആയതിനാൽ ശൗചാലയത്തിൽ പോയപ്പോൾ ശ്വാസതടസം വന്നതാകാം മരണത്തിന് കാരണമെന്ന് ജീവനക്കാർ പറയുന്നു.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. വാർഡിൽ ജോലി ചെയ്തിരുന്ന 40 ജീവനക്കാർക്ക് നോട്ടീസ് അയക്കുകയും ചെയ്തു.








































