തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരിയെ തിരുവനന്തപുരത്ത് എത്തിച്ചു. ഞായറാഴ്‌ച രാത്രി പത്തരയോടെ കേരള എക്‌സ്‌പ്രസിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ച കുട്ടിയെ ശിശുസംരക്ഷണ സമിതിയുടെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്ന് ചേരുന്ന സമിതി സിറ്റിങ്ങിൽ കുട്ടിയുടെ തുടർ സംരക്ഷണം സംബന്ധിച്ച് തീരുമാനമെടുക്കും. മാതാപിതാക്കളുടെയും കുട്ടിയുടെയും മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച രാവിലെ പത്തരയോടെയാണ് കഴക്കൂട്ടത്തെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് അമ്മ വഴക്കുപറഞ്ഞതിനാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്.
തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിലെത്തിയ കുട്ടി, ട്രെയിനിൽ കയറിയെന്ന വിവരം ലഭിച്ചതോടെ പോലീസ് കന്യാകുമാരിയിലും നാഗർകോവിലിലും തിരച്ചിൽ നടത്തി. കുട്ടിയെ പിറ്റേന്ന് വൈകിട്ട് വിശാഖപട്ടണത്ത് നിന്ന് മലയാളി സമാജം പ്രവർത്തകരാണ് കണ്ടെത്തിയത്. കഴക്കൂട്ടം എസ്‌എച്ച്‌ഒ ആർ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം വിശാഖപട്ടണത്തെത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ







































