പ്രായംകൊണ്ട് റെക്കോർഡിടുകയാണ് പടിഞ്ഞാറൻ ജാപ്പനീസ് സിറ്റിയായ ആഷിയയിലെ തൊമിക്കോ ഇതൂക്ക. 116 ആണ് മുത്തശ്ശിയുടെ പ്രായം. 117 വയസുകാരിയായ സ്‌പാനിഷുകാരി മരിയ ബ്രന്യാസ് കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് തൊമിക്കോ ഇതൂക്ക ലോക മുത്തശ്ശിയായത്.
പ്രായത്തിൽ റെക്കോർഡ് തിരുത്തിയതോടെ ആഷിയ സിറ്റി അധികൃതർ തൊമിക്കോയുടെ 116ആം പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പുറത്തുവിട്ടു. പർവതാരോഹണത്തിൽ ആകൃഷ്‌ടയായ തൊമിക്കോ ഇതൂക്ക, ജപ്പാനിലെ മൗണ്ട് ഒൻതാകെ കൊടുമുടി രണ്ടുതവണ കീഴടക്കിയിട്ടുണ്ട്.
1908 മേയ് 23നാണ് ഇതൂക്കയുടെ ജനനം. ഒരു കുടുംബത്തിലെ മൂത്തമകളായി ജനിച്ച ഇതൂക്കയ്‌ക്ക് രണ്ടു സഹോദരങ്ങളുണ്ട്. 20ആം വയസിൽ ഇതൂക്ക വിവാഹിതയായി. രണ്ട് പെൺമക്കൾക്കും രണ്ട് ആൺമക്കൾക്കും ജൻമം നൽകി. യുദ്ധകാലത്ത് ഭർത്താവിന്റെ ദക്ഷിണ കൊറിയയിലുള്ള ടെക്‌സ്‌റ്റൈൽ ഫാക്‌ടറി ഏറ്റെടുത്തു. 1979ൽ ഭർത്താവിന്റെ മരണശേഷം പടിഞ്ഞാറൻ ജപ്പാനിൽ ഒറ്റക്കായിരുന്നു താമസം.
അക്കാലത്താണ് പർവതാരോഹണത്തിൽ ആകൃഷ്‌ടയായത്. 70ആം വയസിൽ ജപ്പാനിലെ മൗണ്ട് ഒൻതാകെ കൊടുമുടി സാധാരണ സ്‌നീക്കർ ഷൂ ധരിച്ച് തൊമിക്കോ കീഴടക്കിയിട്ടുണ്ട്. ജീവിതത്തിൽ രണ്ടുതവണ ഇതൂക്ക മൗണ്ട് ഒൻതാകെ കീഴടക്കിയിട്ടുണ്ട്. നൂറാം വയസിൽ ആഷിയ തീർഥാടന കേന്ദ്രത്തിലെ നീളൻ കൽപ്പടവുകൾ വടിയുടെ പോലും സഹായമില്ലാതെ കയറിയും ഞെട്ടിച്ചു. 2019ൽ ഒരു നഴ്‌സിങ് ഹോമിലേക്ക് താമസം മാറ്റിയ ഇതൂക്കയുടെ സഞ്ചാരം ഇപ്പോൾ വീൽ ചെയറിലാണ്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!